റിയാദ് : തൊഴിലുടമയുടെ പക്കൽ ജോലിയില്ലാതെ പ്രൊഫഷൻ, ഗാർഹിക തൊഴിൽ വിസകളിൽ വിദേശ തൊഴിലാളികളെ സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്നവർക്കുള്ള ശിക്ഷ ലഘൂകരിക്കാനുള്ള നിർദ്ദേശം സൗദി മാനവ വിഭവശേഷി മന്ത്രാലയം നിരസിച്ചു.
നിർദിഷ്ട ശിക്ഷയിൽ മാറ്റം വരുത്താതെ തന്നെ നിലനിർത്താൻ മന്ത്രാലയം തീരുമാനിച്ചു. എന്നാൽ പിഴ നിർണയിക്കുമ്പോൾ ലംഘനത്തിൻ്റെ തീവ്രത കണക്കിലെടുത്തതായി മന്ത്രാലയം സ്ഥിരീകരിച്ചു.
നിയമം ലംഘിക്കുന്നയാൾക്ക് ആദ്യമായി മുന്നറിയിപ്പ് നൽകാനുള്ള നിർദ്ദേശം മന്ത്രാലയം നിരസിക്കുകയും, മുന്നറിയിപ്പ്, ആവശ്യമുള്ള പ്രതിരോധം നൽകുന്നില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
തൊഴിൽ വിപണിയെ പ്രതികൂലമായി ബാധിക്കുന്ന ക്രമരഹിതമായ നടപടികളെ കുറ്റകരമാക്കുന്നതിനുള്ള പദ്ധതിയെക്കുറിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട നിരീക്ഷണങ്ങൾ ഉൾക്കൊള്ളുന്ന ഒരു സംഗ്രഹ റിപ്പോർട്ട് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തൊഴിലാളികളെ ജോലിയില്ലാതെ റിക്രൂട്ട് ചെയ്യുന്ന ഏതൊരാൾക്കും 2 ലക്ഷത്തിൽ കുറയാത്തതും ഒരു ദശലക്ഷം റിയാലിൽ കൂടാത്തതുമായ പിഴ ചുമത്താനും പ്രവാസിയാണെങ്കിൽ നാട് കടത്താനും പദ്ധതിയിൽ മന്ത്രാലയം നിർദ്ദേശിക്കുന്നു.