മസ്‌ക്കറ്റ്: ഒമാനിന്റെ ബജറ്റ് എയര്‍ലൈനായ സലാം എയര്‍, ജൂലൈ 11 മുതല്‍ മസ്‌കറ്റില്‍ നിന്ന് ചെന്നൈയിലേക്ക് വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. എയര്‍ലൈന്‍ മസ്‌കറ്റില്‍ നിന്ന് വ്യാഴം, ശനി ദിവസങ്ങളില്‍ ആഴ്ചയില്‍ രണ്ട് വിമാന സര്‍വീസുകള്‍ നടത്തും. ചെന്നൈയില്‍ നിന്നുള്ള മടക്ക വിമാനങ്ങള്‍ വെള്ളി, ഞായര്‍ ദിവസങ്ങളില്‍ സര്‍വീസ് നടത്തും.
അതിനിടെ, സലാം എയര്‍ ഡല്‍ഹിയിലേക്കും വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നുണ്ട്. 2024 ജൂലായ് രണ്ടു മുതല്‍ ആരംഭിക്കുന്ന സര്‍വീസ് ആഴ്ചയില്‍ രണ്ടുതവണ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തും. സലാം എയര്‍ ഈയിടെ ഒമാന്‍ എയറുമായി എയര്‍ലൈന്‍ കോഡ്ഷെയര്‍ പങ്കാളിത്തത്തില്‍ ഒപ്പുവച്ചിരുന്നു. ഇതു പ്രകാരം ഇരു എയര്‍ലൈനുകളും സംയുക്തമായി 56 ലക്ഷ്യസ്ഥാനങ്ങളിലേക്ക് 1,750 യാത്രക്കാരെ പ്രതിദിനം എത്തിക്കാനാണ് പദ്ധതി.
അതിനിടെ, എയര്‍ ഇന്ത്യ മസ്‌കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് നടത്തിവന്നിരുന്ന വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുകയാണെന്ന് പ്രസ്താവനയില്‍ അറിയിച്ചു. മസ്‌കത്ത്- ഡല്‍ഹി സെക്ടറിലെ എയര്‍ ഇന്ത്യയുടെ അവസാന വിമാനം ജൂണ്‍ 29ന് ആയിരിക്കുമെന്നാണ് അറിയിപ്പ്. ഈ മാസം 29ന് മസ്‌കറ്റില്‍ നിന്ന് രാത്രി 10.35ന് പുറപ്പെട്ട് പുലര്‍ച്ചെ 3.10ന് ഡല്‍ഹിയില്‍ എത്തുകയും ഡല്‍ഹിയില്‍ നിന്ന് വൈകുന്നേരം 7.45ന് പുറപ്പെട്ട് രാത്രി 9.35 ന് മസ്‌കറ്റില്‍ എത്തുന്ന വിമാനം റദ്ദ് ചെയ്തതായും പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം, നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മുഴുവന്‍ പണവും തിരച്ച് വാങ്ങാമെന്നും മുംബൈ വഴി ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസിലോ എയര്‍ ഏഷ്യയിലോ, എയര്‍ വിസ്താരയിലോ പഴയ നിരക്കില്‍ തന്നെ ടിക്കറ്റുകള്‍ മാറ്റി ബുക്ക് ചെയ്യാമെന്നും അറിയിപ്പിലുണ്ട്. ഏഴ് ദിവസത്തിനുള്ളില്‍ ടിക്കറ്റുകള്‍ മാറ്റി ബുക്ക് ചെയ്യുന്നവര്‍ അധിക ചെലവ് നല്‍കേണ്ടിവരില്ല.