മിന – അറഫ ദിനത്തില്‍ മക്കയിലും പുണ്യസ്ഥലങ്ങളിലും പൊതുപൈപ്പ്‌ലൈന്‍ ശൃംഖല വഴി നൂറു കോടി ലിറ്റര്‍ വെള്ളം വിതരണം ചെയ്തതായി ദേശീയ ജലകമ്പനി അറിയിച്ചു. ഇതില്‍ 28.6 കോടി ലിറ്റര്‍ വെള്ളം പുണ്യസ്ഥലങ്ങളിലും 70.4 കോടി ലിറ്റര്‍ മക്കയിലുമാണ് വിതരണം ചെയ്തത്.
മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ദേശീയ ജലകമ്പനി എന്‍ജിനീയര്‍മാരുടെ മേല്‍നോട്ടത്തില്‍ പൊതുപൈപ്പ്‌ലൈന്‍ ശൃംഖല വഴി പുണ്യസ്ഥലങ്ങളില്‍ ഇരുപത്തിനാലു മണിക്കൂറും വെള്ളം വിതരണം ചെയ്യുന്നു. മക്കയിലെ ജനവാസ കേന്ദ്രങ്ങളില്‍ പൊതുപൈപ്പ്‌ലൈന്‍ ശൃംഖല വഴി 21 മണിക്കൂര്‍ വെള്ളം പമ്പ് ചെയ്യുന്നു.
ഹജ് തീര്‍ഥാടകര്‍ക്ക് നല്‍കുന്ന വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ അറഫ ദിനത്തില്‍ 4,840 സാമ്പിളുകള്‍ ലബോറട്ടറി പരിശോധനക്ക് വിധേയമാക്കിയതായും ദേശീയ ജലകമ്പനി പറഞ്ഞു.
അറഫ ദിനത്തില്‍ വിളിച്ചത് 4.22 കോടി കോളുകള്‍
മിന – ദുല്‍ഹജ് ഒമ്പതിന് അറഫ ദിനത്തില്‍ പുണ്യസ്ഥലങ്ങളില്‍ വെച്ച് തീര്‍ഥാടകര്‍ അടക്കമുള്ളവര്‍ 4.22 കോടി ഫോണ്‍ കോളുകള്‍ വിളിച്ചതായി കമ്മ്യൂണിക്കേഷന്‍സ്, സ്‌പേസ് ആന്റ് ടെക്‌നോളജി കമ്മീഷന്‍ അറിയിച്ചു. ഇതില്‍ 3.63 കോടി ലോക്കല്‍ കോളുകളും 59 ലക്ഷം അന്താരാഷ്ട്ര കോളുകളുമാണ്. 99 ശതമാനം കോളുകളും ആദ്യ ഉദ്യമത്തില്‍ തന്നെ വിജയിച്ചു.
അറഫ ദിനത്തില്‍ പുണ്യസ്ഥലങ്ങളില്‍ 5.61 ടെറാബൈറ്റ് ഡാറ്റ ഉപയോഗിച്ചു. ഇത് 1,080 പി.എച്ച്.ഡിയില്‍ 23 ലക്ഷം മണിക്കൂര്‍ വീഡിയോകള്‍ വീക്ഷിക്കുന്നതിന് സമമാണ്. പുണ്യസ്ഥലങ്ങളില്‍ ഓരോരുത്തരും ശരാശരി 761.93 എം.ബി ഡാറ്റ അറഫ ദിനത്തില്‍ ഉപയോഗിച്ചു. ആഗോള ശരാശരി 380 എം.ബിയാണ്. മൊബൈല്‍ ഇന്റര്‍നെറ്റ് ഡൗണ്‍ലോഡ് സ്പീഡ് സെക്കന്റില്‍ 386.66 എം.ബിയും അപ്‌ലോഡ് സ്പീഡ് സെക്കന്റില്‍ 48.79 എം.ബിയായും ഉയര്‍ന്നതായും കമ്മീഷന്‍ അറിയിച്ചു.