ജിദ്ദ- ഹജ് പെർമിറ്റില്ലാതെ ഒരു കാരണവശാലും മക്കയിലേക്ക് യാത്രക്ക് ശ്രമിക്കരുതെന്ന് ഇന്ത്യൻ ഹജ് മിഷൻ മുന്നറിയിപ്പ് നൽകി. ഹജ് പെർമിറ്റില്ലാതെ മക്കയിലേക്ക് പ്രവേശിക്കുന്നവർക്ക് എതിരെ കർശന നടപടിയാണ് അധികൃതർ സ്വീകരിക്കുന്നത്. ഹജ് വളണ്ടിയർ സേവനത്തിന് തയ്യാറായി നിൽക്കുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെയോ, ഹജ് മിഷന്റെയോ ഔദ്യോഗിക അനുമതി ലഭിക്കാതെ ഒരാളും മക്കയിലേക്ക് വളണ്ടിയർ സേവനത്തിന് പോകാൻ പാടില്ലെന്ന് ഹജ് മിഷൻ ദ മലയാളം ന്യൂസിനോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എന്ത് നിയമനടപടികളുണ്ടായാലും അത് വ്യക്തിപരമായി തന്നെ ഓരോരുത്തേരും നേരിടേണ്ടി വരും.
മുൻ വർഷങ്ങളിൽ അറഫാ ദിനത്തിന് ശേഷം സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വളണ്ടിയർമാർ മക്കയിലേക്ക് സന്നദ്ധ സേവനത്തിന് പോകാറുണ്ടായിരുന്നു. അറഫാദിനം വരെ മക്കയിലെ വളണ്ടിയർമാരും അവശേഷിക്കുന്ന ദിവസങ്ങളിൽ മറ്റിടങ്ങളിലെ വളണ്ടിയർമാരുമായിരുന്നു സന്നദ്ധസേവനം ചെയ്തിരുന്നത്. ഇത്തവണ അറഫാ ദിനം കഴിഞ്ഞാലും കോൺസുലേറ്റിന്റെ ഔദ്യോഗിക അറിയിപ്പില്ലാതെ മക്കയിലേക്ക് പ്രവേശിക്കരുത്.
ഹജ് പെർമിറ്റിലാതെ മക്കയിലേക്ക് യാത്രക്കാരെ കൊണ്ടുപോയ 26 പേര്‍ക്ക് ശിക്ഷ
മക്ക – ഹജ് പെര്‍മിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച 26 പേരെ ജവാസാത്തിനു കീഴിലെ സീസണല്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികള്‍ ശിക്ഷിച്ചു. ഹജ് പെര്‍മിറ്റില്ലാത്ത 26 പേരെ കടത്താന്‍ ശ്രമിച്ച ഒമ്പതു വിദേശികളെയും പതിനേഴു സൗദി പൗരന്മാരെയും മക്കയുടെ പ്രവേശന കവാടങ്ങളില്‍ വെച്ച് ഹജ് സുരക്ഷാ സേന പിടികൂടി ശിക്ഷകള്‍ പ്രഖ്യാപിക്കാന്‍ ജവാസാത്ത് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികള്‍ക്ക് കൈമാറുകയായിരുന്നു.
ഡ്രൈവര്‍മാര്‍ക്ക് 15 ദിവസം വീതം തടവാണ് ശിക്ഷ. കടത്താന്‍ ശ്രമിച്ച നിയമ ലംഘകരില്‍ ഓരോരുത്തര്‍ക്കും 10,000 റിയാല്‍ തോതില്‍ ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തിയിട്ടുമുണ്ട്. നിയമ ലംഘകരെ കടത്താന്‍ ഉപയോഗിച്ച അഞ്ചു വാഹനങ്ങള്‍ കണ്ടുകെട്ടാനും തീരുമാനമുണ്ട്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം വിദേശികളെ സൗദിയില്‍ നിന്ന് നാടുകടത്തും. പുതിയ വിസയില്‍ വീണ്ടും സൗദിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തി.