ജിദ്ദ – സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇറ്റലിയില്‍ നാളെ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കില്ല. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ക്ഷമാപണം നടത്തി ഇറ്റാലിയന്‍ പ്രധാനന്ത്രി ജോര്‍ജിയ മെലോനിക്ക് കിരീടാവകാശി കമ്പി സന്ദേശമയച്ചു. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതിന് ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നന്ദി പറഞ്ഞു. ഹജ് സീസണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതുമായി ബന്ധപ്പെട്ട തിരക്കുകള്‍ കാരണം ജി-7 ഉച്ചകോടിയില്‍ സംബന്ധിക്കാന്‍ കഴിയാത്തതില്‍ കമ്പി സന്ദേശത്തില്‍ കിരീടാവകാശി ക്ഷമാപണം നടത്തി. സൗദി അറേബ്യയും ഇറ്റലിയും തമ്മിലുള്ള ബന്ധങ്ങളുടെ ആഴം ഊന്നിപ്പറഞ്ഞ കിരീടാവകാശി ഉച്ചകോടിക്ക് വിജയം ആശംസിച്ചു.