മക്ക – ഹജ് പെര്‍മിറ്റില്ലാത്തവര്‍ പുണ്യസ്ഥലങ്ങളില്‍ നുഴഞ്ഞുകയറുന്നത് തടയാന്‍ മക്കക്കു ചുറ്റും സുരക്ഷാ വകുപ്പുകള്‍ കനത്ത സുരക്ഷാ വലയം തീര്‍ത്തു. മക്കയിലേക്കുള്ള റോഡുകളിലും ചെക്ക് പോസ്റ്റുകളിലും മരുഭൂ റോഡുകളിലും മരുഭൂപ്രദേശങ്ങളിലും പഴുതടച്ച നിരീക്ഷണമാണ് സുരക്ഷാ സൈനികര്‍ നടത്തുന്നത്. മരുഭൂറോഡുകളിലൂടെയും മറ്റും നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നവരെ കണ്ടെത്തി പിടികൂടാന്‍ ഡ്രോണ്‍, ഹെലികോപ്റ്റര്‍ നിരീക്ഷണവും നടത്തുന്നുണ്ട്. പെര്‍മിറ്റില്ലാതെ ഹജ് നിര്‍വഹിക്കാന്‍ ശ്രമിച്ച് പിടിയിലാകുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും 10,000 റിയാല്‍ തോതില്‍ പിഴ ചുമത്തുന്നുണ്ട്.
മക്കയിലേക്ക് പോകുന്നവരുടെ പെര്‍മിറ്റുകള്‍ സുരക്ഷാ സൈനികര്‍ പരിശോധിക്കുന്നു.
വിദേശികളെ പിഴ ചുമത്തി സൗദിയില്‍ നിന്ന് നാടുകടത്തുകയും പുതിയ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യും. നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി തുക പിഴ ചുമത്തും.
പെര്‍മിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്താന്‍ ശ്രമിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ആറു മാസം വരെ തടവ് ശിക്ഷ നല്‍കും. പെര്‍മിറ്റില്ലാത്തവരില്‍ ഓരോരുത്തര്‍ക്കും 50,000 റിയാല്‍ തോതില്‍ ഡ്രൈവര്‍മാര്‍ക്ക് പിഴയും ചുമത്തും. നിയമ ലംഘകരെ കടത്താന്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ നിയമ നടപടികളിലൂടെ കണ്ടുകെട്ടും. വിദേശി ഡ്രൈവര്‍മാരെ സൗദിയില്‍ നിന്ന് നാടുകടത്തി പ്രവേശന വിലക്കുമേര്‍പ്പെടുത്തും.