ജിദ്ദ- സൗദി അറേബ്യയിൽനിന്ന് റീ എൻട്രിയിൽ പോകുന്ന പ്രവാസികൾ ശ്രദ്ധിക്കുക. തിരിച്ചുവരുമ്പോൾ അതാത് വിമാനതാവളത്തിൽ കാണിക്കേണ്ട റീ എൻട്രി പേപ്പർ സൗദിയിൽനിന്ന് യാത്ര പുറപ്പെടുന്ന സമയത്ത് തന്നെ കൈവശം വെക്കാൻ മറക്കാതിരിക്കുക. നേരത്തെ റീ എൻട്രി പേപ്പർ സൗദി അറേബ്യയുടെ വിസ സേവനങ്ങൾ നൽകുന്ന മുഖീം സൈറ്റിൽനിന്ന് എളുപ്പത്തിൽ ലഭ്യമായിരുന്നു. പുതിയ അപ്ഡേറ്റ് അനുസരിച്ച് റീ എൻട്രി പേപ്പർ മുഖീം വെബ്സൈറ്റിൽനിന്ന് ലഭ്യമാകുന്നതിനുള്ള നടപടിക്രമങ്ങളിൽ ഏറെ സങ്കീർണ്ണമായി.
മുഖീമിന്റെ പുതിയ ലിങ്ക്. ഇതിൽ പ്രവേശിച്ചു വേണം ലോഗിൻ ചെയ്യാൻ
നേരത്തെ മുഖീമിൽ ഉണ്ടായിരുന്നത് ഓപ്പൺ ലിങ്കായിരുന്നു. ഇതിൽ പാസ്പോര്ട്ട്, വിസ നമ്പർ, ഇഖാമ നമ്പർ, ജനന തിയതി തുടങ്ങിയ ഏതെങ്കിലും രണ്ടു വിവരം മാത്രം നൽകിയാൽ റീ എൻട്രി സ്റ്റാറ്റസ് ഉപഭോക്താവിന് ലഭിക്കും. എന്നാൽ പുതിയ അപ്ഡേറ്റ് അനുസരിച്ച് ഓപ്പൺ വിൻഡോ ഒഴിവാക്കുകയും വിസ സേവനങ്ങൾ മുഖീമിന്റെ അകത്തേക്ക് മാറ്റുകയും ചെയ്തു.
പുതിയ എക്കൗണ്ട് വഴി ലോഗിൻ ചെയ്താൽ മാത്രമേ ഇത് ലഭ്യമാകൂ. ലോഗിൻ ചെയ്യുന്നതും ഏറെ സങ്കീർണ്ണമാണ്. നിരവധി വിവരങ്ങൾ അറബിയിലടക്കം നൽകിയാൽ മാത്രമേ ഇത് ഓപ്പണാകൂ. സാധാരണക്കാർക്ക് ഇക്കാര്യം നൽകാൻ ഏറെ പ്രയാസം അനുഭവപ്പെടും.
അതേസമയം, ഈ ലിങ്ക് സൗദിക്ക് പുറത്തുനിന്നും ഓപ്പണാകും. നിലവിൽ സൗദിയിൽ ഉള്ളവർ ഈ ലിങ്കിൽ പോയി എക്കൗണ്ട് ഓപ്പണാക്കിയാൽ അവർക്ക് പിന്നീട് സൗദിക്ക് പുറത്തുവെച്ചും ഈ ലിങ്കിൽ പ്രവേശിച്ച് വിസ സേവനങ്ങൾ ഉപയോഗിക്കാവുന്നതാണെന്ന് മുഖീം അധികൃതർ ദ മലയാളം ന്യൂസിനോട് പറഞ്ഞു.