ജിദ്ദ – ബലിപെരുന്നാള്‍ അവധിക്കാലത്ത് വിവിധ പ്രവിശ്യകളിലെ തെരഞ്ഞെടുത്ത ജവാസാത്ത് ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിര്‍ വഴി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത അടിയന്തിര കേസുകളാണ് അവധിക്കാലത്ത് പ്രവര്‍ത്തിക്കുന്ന ഓഫീസുകളില്‍ സ്വീകരിക്കുക. ഇതിന് ഓണ്‍ലൈന്‍ ആയി മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യണം.
റിയാദ് അല്‍രിമാല്‍ ഡിസ്ട്രിക്ട് ജവാസാത്ത് ഓഫീസ് ചൊവ്വ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ വൈകീട്ട് നാലു മുതല്‍ രാത്രി ഒമ്പതു വരെ തുറന്ന് പ്രവര്‍ത്തിക്കും. ജിദ്ദ സെറാഫി മാള്‍, തഹ്‌ലിയ മാള്‍ ജവാസാത്ത് ഓഫീസുകള്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ രാത്രി പത്തു വരെ തുറന്ന് പ്രവര്‍ത്തിക്കും. മറ്റു പ്രവിശ്യകളിലെ ജവാസാത്ത് ഡയറക്ടറേറ്റുകള്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഏഴര മുതല്‍ ഉച്ചയ്ക്ക് രണ്ടര വരെയാണ് തുറന്ന് പ്രവര്‍ത്തിക്കുക. ഓണ്‍ലൈന്‍ വഴി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകള്‍, ജവാസാത്ത് ഡയറക്ടറേറ്റ് ആസ്ഥാനങ്ങളെ നേരിട്ട് സമീപിക്കാതെ സമര്‍പ്പിക്കാന്‍ ഉപയോക്താക്കള്‍ക്ക് അവസരമൊരുക്കുന്ന തവാസുല്‍ സേവനം പ്രയോജനപ്പെടുത്തണമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് ഉണര്‍ത്തി.