ജിദ്ദ – സൗദിയില്‍ മധ്യാഹ്ന വിശ്രമ നിയമം ഈ മാസം 15 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. ഉച്ചക്ക് പന്ത്രണ്ടു മുതല്‍ വൈകീട്ട് മൂന്നു വരെയുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളില്‍ വെയിലേല്‍ക്കുന്ന നിലയില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്നതിന് മൂന്നു മാസക്കാലം വിലക്കുണ്ടാകും. സെപ്റ്റംബര്‍ 15 വരെയാണ് മധ്യാഹ്ന വിശ്രമ നിയമം നിലവിലുണ്ടാവുക.
തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കാനും അവരുടെ ഉല്‍പാദനക്ഷമത ഉയര്‍ത്താനുമാണ് മധ്യാഹ്ന വിശ്രമ നിയമം നടപ്പാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
സ്വകാര്യ മേഖലാ തൊഴിലാളികളുടെ ആരോഗ്യ, സുരക്ഷ സംരക്ഷിക്കാന്‍ ശ്രമിച്ചും ആരോഗ്യകരവും സുരക്ഷിതവുമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യാനും ആരോഗ്യപരമായ അപകടങ്ങളില്‍ നിന്ന് തൊഴിലാളികളെ അകറ്റിനിര്‍ത്താനുമുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം മധ്യാഹ്ന വിശ്രമ നിയമം നടപ്പാക്കുന്നത്. മധ്യാഹ്ന വിശ്രമ നിയമത്തിന് അനുസൃതമായി തൊഴിലാളികളുടെ ജോലി സയമം സ്വകാര്യ സ്ഥാപനങ്ങള്‍ ക്രമീകരിക്കുകയാണ് വേണ്ടത്.
അടിയന്തിര അറ്റകുറ്റപ്പണികള്‍ നടത്തുന്ന തൊഴിലാളികള്‍ക്കും പെട്രോളിയം, ഗ്യാസ് കമ്പനി ജീവനക്കാര്‍ക്കും മധ്യാഹ്ന വിശ്രമ നിയമം ബാധകമല്ല. ഈ വിഭാഗം തൊഴിലാളികള്‍ക്ക് വെയിലില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ തൊഴിലുടമകള്‍ ഏര്‍പ്പെടുത്തിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. മധ്യാഹ്ന വിശ്രമ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് തൊഴിലാളികളില്‍ ഒരാള്‍ക്ക് മൂവായിരം റിയാല്‍ തോതില്‍ പിഴ ചുമത്താന്‍ നിയമം അനുശാസിക്കുന്നു. നിയമ ലംഘനം ആവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇരട്ടി തുക പിഴ ചുമത്തും. മധ്യാഹ്ന വിശ്രമ നിയമ ലംഘനങ്ങളെ കുറിച്ച് 19911 എന്ന നമ്പറില്‍ ബന്ധപ്പെട്ടും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയും അറിയിക്കാവുന്നതാണ്.
