ജിദ്ദ – തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അതിഥികളായി ഹജ് കര്‍മം നിര്‍വഹിക്കാന്‍ ഗാസയില്‍ നിന്നുള്ള 1,000 പേര്‍ക്കു കൂടി അവസരമൊരുക്കാന്‍ രാജാവ് നിര്‍ദേശിച്ചു. ഇസ്രായിലി ആക്രമണങ്ങളില്‍ വീരമൃത്യുവരിച്ചവരുടെയും ഗുരുതരമായി പരിക്കേറ്റവരുടെയും ബന്ധുക്കളില്‍ പെട്ട 1,000 പേര്‍ക്കു കൂടിയാണ് രാജാവിന്റെ ആതിഥേയത്വത്തില്‍ ഹജ് നിര്‍വഹിക്കാന്‍ അവസരമൊരുക്കുന്നത്. ഇതോടെ സല്‍മാന്‍ രാജാവിന്റെ അതിഥികളായി ഹജ് കര്‍മം നിര്‍വഹിക്കാന്‍ ഇത്തവണ ഫലസ്തീനില്‍ നിന്ന് ഭാഗ്യം ലഭിക്കുന്നവരുടെ എണ്ണം 2,000 ആയി ഉയര്‍ന്നു.
ഇത്തവണ രാജാവിന്റെ ആതിഥേയത്വത്തില്‍ 88 ലേറെ രാജ്യങ്ങളില്‍ നിന്നുള്ള 2,322 പേര്‍ക്ക് ഹജ് കര്‍മം നിര്‍വഹിക്കാന്‍ നേരത്തെ തന്നെ അവസരമൊരുക്കിയിരുന്നു. ഇസ്രായിലി ആക്രമണങ്ങളില്‍ വീരമൃത്യുവരിച്ചവരുടെയും ഇസ്രായില്‍ ജയിലുകളില്‍ അടച്ചവരുടെയും ബന്ധുക്കളും ഇസ്രായില്‍ ആക്രമണങ്ങളില്‍ പരിക്കേറ്റവരുമടക്കം ഫലസ്തീനില്‍ നിന്നുള്ള 1,000 പേര്‍ക്കും ഇന്ത്യ അടക്കം 88 രാജ്യങ്ങളില്‍ നിന്നുള്ള 1,300 പേര്‍ക്കും സൗദിയില്‍ ശസ്ത്രക്രിയകളിലൂടെ വിജയകരമായി വേര്‍പ്പെടുത്തിയ സയാമിസ് ഇരട്ടകളുടെ ബന്ധുക്കളില്‍ പെട്ട 22 പേര്‍ക്കുമാണ് രാജാവിന്റെ ആതിഥേയത്വത്തില്‍ ഹജ് നിര്‍വഹിക്കാന്‍ നേരത്തെ അവസരമൊരുക്കിയത്. ഇവര്‍ക്കു പുറമെയാണ് ഗാസയില്‍ നിന്നുള്ള 1,000 ഫലസ്തീനികളെ കൂടി രാജാവിന്റെ അതിഥികളായി പുണ്യഭൂമിയിലെത്തിക്കുന്നത്. രാജാവിന്റെ ആതിഥേയത്വത്തില്‍ ഹജ് നിര്‍വഹിക്കുന്നവര്‍ക്ക് ആവശ്യമായ മുഴുവന്‍ ക്രമീകരണങ്ങളും സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നതിന്റെ ചുമതല ഇസ്‌ലാമികകാര്യ മന്ത്രാലയത്തിനാണ്.