ജിദ്ദ – സൗദിയില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ വേനലവധിക്ക് നാളെ അടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. മൂന്നാം സെമസ്റ്റര്‍ പരീക്ഷാ ഫലങ്ങള്‍ വേനലവധിക്കു മുമ്പായി വിദ്യാര്‍ഥികളെയും രക്ഷകര്‍ത്താക്കളെയും അറിയിക്കണം. നിയമാനുസൃത കാരണങ്ങളാല്‍ മൂന്നാം സെമസ്റ്റര്‍ പരീക്ഷയില്‍ നിന്ന് വിട്ടുനിന്ന വിദ്യാര്‍ഥി, വിദ്യാര്‍ഥിനികളുടെ പേരുകള്‍ നിര്‍ണയിച്ച് പുതിയ അധ്യയന വര്‍ഷാരംഭത്തില്‍ ഇവര്‍ക്ക് വീണ്ടും പരീക്ഷ നടത്തും.
വിദ്യാഭ്യാസ ഓഫീസ് ജീവനക്കാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും സ്‌കൂളുകളിലെ ഓഫീസ് ജീവനക്കാര്‍ക്കും മുഹറം 29 ന് ഞായര്‍ ഡ്യൂട്ടി പുനരാരംഭിക്കും. അധ്യാപകര്‍ക്ക് സ്വഫര്‍ ഏഴിന് ഞായര്‍ ഡ്യൂട്ടി പുനരാരംഭിക്കും. വിദ്യാര്‍ഥികള്‍ക്ക് സ്വഫര്‍ 14 ന് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു.