മക്ക – പുണ്യസ്ഥലങ്ങളില്‍ ഹാജിമാരുടെ തമ്പുകളിലേക്കും സര്‍ക്കാര്‍, സ്വകാര്യ വകുപ്പ് ആസ്ഥാനങ്ങളിലേക്കും ഗ്യാസ് സിലിണ്ടറുകള്‍ പ്രവേശിപ്പിക്കുന്നതിനുള്ള വിലക്ക് ഇന്നു മുതല്‍ നിലവില്‍വന്നതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. പുണ്യസ്ഥലങ്ങളില്‍ അഗ്നിബാധാ സാധ്യതകള്‍ കുറക്കാനുള്ള നടപടികളുടെ ഭാഗമായാണിത്.
പുണ്യസ്ഥലങ്ങളില്‍ ഗ്യാസ് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ ശക്തമായ ഫീല്‍ഡ് പരിശോധനകള്‍ നടത്തും. ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറുകളും ഗ്യാസ് അടുപ്പുകളും സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ പിടിച്ചെടുക്കും. കൂടാതെ ബന്ധപ്പെട്ട സുരക്ഷാ വകുപ്പുകളുമായി ഏകോപനം നടത്തി നിയമ ലംഘകര്‍ക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും സിവില്‍ ഡിഫന്‍സ് പറഞ്ഞു.