മിന – ഹജ് തീര്‍ഥാടകര്‍ക്ക് ആരോഗ്യ പരിചരണങ്ങളും ചികിത്സകളും നല്‍കാന്‍ പൂര്‍ത്തിയാക്കിയ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ആരോഗ്യ മന്ത്രി ഫഹദ് അല്‍ജലാജില്‍ പുണ്യസ്ഥലങ്ങളിലെ ആശുപത്രികളില്‍ സന്ദര്‍ശനങ്ങള്‍ നടത്തി. മക്ക ഹെല്‍ത്ത് ക്ലസ്റ്റര്‍, അറഫ, മിന, മക്ക എന്നിവിടങ്ങളിലെ ആശുപത്രികള്‍, റെഡ് ക്രസന്റ് ആസ്ഥാനം എന്നിവയെല്ലാം മന്ത്രി സന്ദര്‍ശിച്ചു.
ഈസ്റ്റ് അറഫ ആശുപത്രിയാണ് മന്ത്രി ആദ്യം സന്ദര്‍ശിച്ചത്. ജബലുറഹ്മ ആശുപത്രി, നമിറ ആശുപത്രി, ഫീല്‍ഡ് ആശുപത്രി, അല്‍മുഅയ്‌സിമിലെ ഫോറന്‍സിക് മെഡിക്കല്‍ സര്‍വീസ് സെന്റര്‍, നുപ്‌കോ ആസ്ഥാനം, അറഫയില്‍ പ്രത്യേക മിശ്രിതം ഉപയോഗിച്ച് റോഡുകളിലെ ചൂട് കുറക്കാന്‍ നടപ്പാക്കിയ പദ്ധതി, മക്ക റോയല്‍ കമ്മീഷന്‍ മുസ്ദലിഫയില്‍ നടപ്പാക്കിയ നടപ്പാത വികസന പദ്ധതി എന്നിവയും മന്ത്രി പിന്നീട് സന്ദര്‍ശിച്ചു. ആശുപത്രികളിലെ വ്യത്യസ്ത വിഭാഗങ്ങളുടെ പ്രവര്‍ത്തനവും സുസജ്ജതയും ആരോഗ്യ മന്ത്രി വിലയിരുത്തി.
പുണ്യസ്ഥലങ്ങളില്‍ പുതുതായി ആരംഭിച്ച ഹെല്‍ത്ത് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ സന്ദര്‍ശനത്തിടെ ഫഹദ് അല്‍ജലാജില്‍ ഉദ്ഘാടനം ചെയ്തു. മിനാ അല്‍വാദി, മിനാ എമര്‍ജന്‍സി ആശുപത്രികള്‍ സന്ദര്‍ശിച്ച് മിനായിലെ ആശുപത്രികളുടെ സുസജ്ജതയും മന്ത്രി ഉറപ്പുവരുത്തി. ഏതാനും സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളും പിന്നീട് ആരോഗ്യ മന്ത്രി സന്ദര്‍ശിച്ചു.
തീര്‍ഥാടകര്‍ക്ക് ഏറ്റവും മുന്തിയ ആരോഗ്യ പരിചരണങ്ങള്‍ നല്‍കാന്‍ തീവ്രപ്രയത്‌നങ്ങള്‍ നടത്തണമെന്ന് ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരോട് ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു.