ജിദ്ദ- എല്ലാ തരത്തിലുമുള്ള സന്ദർശക വിസയിൽ സൗദിയിൽ എത്തിയവർ നിശ്ചിത കാലാവധിക്ക് മുമ്പ് രാജ്യം വിട്ടില്ലെങ്കിൽ വിസ അനുവദിച്ച സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും അരലക്ഷം റിയാൽ പിഴ ചുമത്തുമെന്ന് അധികൃതർ ആവർത്തിച്ചു. വിസ അനുവദിച്ചത് പ്രവാസികളാണെങ്കിൽ അവരെ നാടുകടത്തും.
നിശ്ചിത കാലാവധിക്ക് ശേഷം സൗദിയിൽ തങ്ങിയ വ്യക്തികളെയും തർഹീൽ വഴിയായിരിക്കും നാട്ടിലേക്ക് അയക്കുക. വിസ അനുവദിച്ചവരും ഇതോടൊപ്പം തർഹീലിൽ എത്തണം. അരലക്ഷം റിയാലാണ് ഇവർക്ക് പിഴ ചുമത്തുക.
മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിസ അനുവദിച്ചത് സ്വദേശിയാണെങ്കിൽ നിയമലംഘനത്തിന് ആറുമാസം ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്ന് സൗദി പബ്ലിക് സെക്യൂരിറ്റി മുന്നറിയിപ്പ് നൽകി. എല്ലാത്തരം സന്ദർശന വിസകളും ഉള്ളവരും അവരുടെ വിസയുടെ കാലാവധി തീരുന്നതിന് മുമ്പ് രാജ്യം വിടണമെന്ന സുരക്ഷാ അധികൃതരുടെ മുന്നറിയിപ്പുകൾക്കിടയിലാണ് ഈ നിർദ്ദേശം.
വിസിറ്റ് വിസയുള്ളവരെയും മെയ് 23 മുതൽ ജൂൺ 21 വരെ വിശുദ്ധ നഗരമായ മക്കയിൽ പ്രവേശിക്കാനോ അവിടെ തുടരാനോ അനുവദിക്കില്ലെന്ന് പൊതു സുരക്ഷ അറിയിച്ചു. വിസിറ്റ് വിസ ഉടമയ്ക്ക് ഹജ് തീർത്ഥാടനം നടത്താൻ അർഹതയില്ലെന്നും അഭിപ്രായപ്പെട്ടു.
താമസം, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നവരെ കുറിച്ച് മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലെ ടോൾ ഫ്രീ നമ്പറായ 911 ലും മറ്റ് പ്രദേശങ്ങളിലെ 999 എന്ന നമ്പറിലും വിളിച്ച് റിപ്പോർട്ട് ചെയ്യണം.
ഹജ് പെർമിറ്റ് ഇല്ലാതെ മക്കയിലേക്ക് പ്രവേശിക്കുമ്പോൾ പിടിക്കപ്പെടുന്ന സൗദി പൗരന്മാർ, പ്രവാസികൾ, സന്ദർശകർ എന്നിവരുൾപ്പെടെയുള്ള നിയമലംഘകർക്ക് 10,000 റിയാൽ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
മക്ക, സെൻട്രൽ ഹറം ഏരിയ, മിന, അറഫാത്ത്, മുസ്ദലിഫ, റുസൈഫയിലെ ഹറമൈൻ റെയിൽവേ സ്റ്റേഷൻ, സുരക്ഷാ നിയന്ത്രണ കേന്ദ്രങ്ങൾ, തീർഥാടക സംഘം എന്നിവിടങ്ങളിൽ ഹജ് പെർമിറ്റ് ഇല്ലാതെ പിടിക്കപ്പെടുന്നവർക്ക് പിഴ ചുമത്തും.