ജിദ്ദ – പ്രയാസരഹിതവും സുഗമവുമായ വിമാന യാത്രക്ക് ബാഗേജുകളുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ഹജ് തീര്‍ഥാടകര്‍ പാലിക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം നിര്‍ദേശിച്ചു. ബാഗേജുകള്‍ വ്യക്തിപരമായ ഉത്തരവാദിത്തമാണ്. ബാഗേജുകളുമായി ബന്ധപ്പെട്ട ഭാരവ്യവസ്ഥകള്‍ തീര്‍ഥാടകര്‍ പാലിക്കണം. ദ്രവപദാര്‍ഥങ്ങള്‍ ലഗേജുകളില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കണം. ബാഗേജുകള്‍ തങ്ങള്‍ക്കു സമീപം സൂക്ഷിക്കണം. എളുപ്പത്തില്‍ തിരിച്ചറിയാന്‍ ബാഗേജുകളില്‍ സവിശേഷ അടയാളങ്ങള്‍ സ്ഥാപിക്കണമെന്നും ഹജ്, ഉംറ മന്ത്രാലയം നിര്‍ദേശിച്ചു.
തീര്‍ഥാടകര്‍ ലഗേജുകള്‍ കുറക്കണം. വിമാന കമ്പനി നിര്‍ണയിച്ച ഭാരം പാലിക്കണം. വിമാന കമ്പനി അംഗീകരിച്ച ലഗേജ് തൂക്കം അറിയുന്നത് നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കാന്‍ സഹായിക്കും. അധിക ഫീസ് അടക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനും ഷിപ്പിംഗ്, ലോഡിംഗ് എന്നിവയുടെ ബുദ്ധിമുട്ട് ഇല്ലാതാക്കാനും ഇത് സഹായിക്കുമെന്നും മന്ത്രാലയം പറഞ്ഞു.
