മലപ്പുറം: 2015ൽ കരിപ്പൂർ വിട്ട സൗദി എയർലൈൻസ് തിരികെയെത്തുന്ന വാർത്ത ഏറെ പ്രതീക്ഷയോടെയാണ് മലബാറിലെ സൗദി പ്രവാസികൾ കാത്തിരിക്കുന്നത്.
ഈ വരുന്ന ഒക്ടോബർ 27ന് സർവീസ് പുനരാരംഭിക്കാനാണ് നീക്കം. ആഴ്ചയിൽ ഏഴു സർവീസുകളുണ്ടാകും എന്നും കോഴിക്കോട്-ജിദ്ദ, കോഴിക്കോട്-റിയാദ് സെക്ടറിലേക്കായിരിക്കുമിത് എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ജിദ്ദയിലേക്ക് ആഴ്ചയിൽ നാലും റിയാദിലേക്ക് ആഴ്ചയിൽ മൂന്നും സർവീസുകളുണ്ടാകും. നവംബർ അവസാനത്തോടെ സർവീസുകൾ പതിനൊന്നായി ഉയർത്തിയേക്കും.
കോഡ് ഇ വിഭാഗത്തിൽപ്പെടുന്ന വിമാനമാണ് സർവീസുകൾക്കായി ഉപയോഗിക്കുക. 36 ബിസിനസ് ക്ലാസ് സീറ്റുകളും 298 ഇക്കണോമി സീറ്റുകളുമാണുണ്ടാകും. നിലവിൽ ബംഗളൂരു, ചെന്നൈ, കൊച്ചി, മുംബൈ, തിരുവനന്തപുരം, ഡൽഹി, ഹൈദരാബാദ്, ലഖ്നൗ വിമാനത്താവളങ്ങളിലേക്ക് സൗദി എയർലൈൻസ് സർവീസ് നടത്തുന്നുണ്ട്.
2015ൽ റൺവേ നവീകരണത്തിന്റെ ഭാഗമായി വലിയ വിമാനങ്ങൾക്ക് നിയന്ത്രണം വന്നതായിരുന്നു സൗദി എയർ കരിപ്പൂർ വിടാൻ കാരണമായത്. തുടർന്ന് 2020ലെ വിമാനാപകടമുണ്ടായതോടെ വലിയ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തു.
സൗദി എയർലൈൻസ് മടങ്ങിയെത്തുന്നതോടെ ഇതേ കാരണത്താൽ കരിപ്പൂർ വിട്ട എമിറേറ്റ്സ് എയർ, ഒമാൻ എയർ അടക്കമുള്ള കൂടുതൽ കമ്പനികൾ കരിപ്പൂരിലേക്ക് സർവീസ് പുനരാരംഭിക്കാനും തീരുമാനം വഴിവെക്കും.