ജിദ്ദ – ഫ്‌ളക്‌സിബിള്‍ തൊഴില്‍ നിയമത്തില്‍ ഭേദഗതികള്‍ വരുത്തി മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി ഉത്തരവിറക്കി. നിയമത്തിലെ 27-ാം വകുപ്പിലെ രണ്ടാം അനുച്ഛേദത്തില്‍ വരുത്തിയ ഭേദഗതികളിലൂടെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഒരു തൊഴിലാളിക്ക് ഒരു മാസത്തില്‍ ജോലി ചെയ്യാവുന്ന പരമാവധി തൊഴില്‍ സമയം 160 മണിക്കൂറായി ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ ഒരു തൊഴിലാളിയോ ഒരുകൂട്ടം തൊഴിലാളികളോ ഫ്‌ളക്‌സിബിള്‍ രീതിയില്‍ സ്ഥാപനത്തില്‍ മാസത്തില്‍ 160 മണിക്കൂര്‍ ജോലി ചെയ്യുന്ന പക്ഷം ഒരു സൗദി തൊഴിലാളിയെ പൂര്‍ണ തോതില്‍ ജോലിക്കു വെച്ചതായി പരിഗണിച്ച് സൗദിവല്‍ക്കരണ പദ്ധതിയായ നിതാഖാത്തില്‍ ഒരു പോയിന്റ് കണക്കാക്കും.
മണിക്കൂര്‍ അടിസ്ഥാനത്തില്‍ വേതനം നല്‍കുന്ന വഴക്കമാര്‍ന്ന തൊഴില്‍ കരാറുകളിലൂടെ ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും വരുമാനം വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ജീവനക്കാര്‍ക്ക് തൊഴിലുകള്‍ ലഭ്യമാക്കാനുമാണ് ഫ്‌ളക്‌സിബിള്‍ തൊഴില്‍ നിയമത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. ഫ്‌ളക്‌സിബിള്‍ തൊഴില്‍ നിയമം ആരംഭിച്ച ശേഷം ഇതുവരെ 35,000 ലേറെ സ്വദേശികള്‍ ഈ തൊഴില്‍ ശൈലി പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.
