ജിദ്ദ – ദുല്‍ഖഅ്ദ 25 മുതല്‍ ദുല്‍ഹജ് 20 വരെയുള്ള കാലത്ത് കണ്‍ഫേം ചെയ്ത ഹജ് പെര്‍മിറ്റുള്ളവര്‍ക്കൊഴികെ ഉംറ പെര്‍മിറ്റ് അനുവദിക്കില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഹജ് തീര്‍ഥാടകരുടെ തിരക്ക് കണക്കിലെടുത്താണ് ഇക്കാലയളവില്‍ മറ്റുള്ളവര്‍ക്ക് ഉംറ പെര്‍മിറ്റുകള്‍ അനുവദിക്കാതിരിക്കുന്നത്.
ഹജ് പെര്‍മിറ്റില്ലാതെ പിടിയിലാകുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ദുല്‍ഖഅ്ദ 25 മുതല്‍ ദുല്‍ഹജ് 14 വരെയുള്ള (ജൂണ്‍ രണ്ടു മുതല്‍ 20 വരെ) കാലത്ത് ഹജ് പെര്‍മിറ്റില്ലാതെ മക്ക, ഹറമിനടുത്ത പ്രദേശങ്ങള്‍, പുണ്യസ്ഥലങ്ങള്‍, അല്‍റുസൈഫ ഹറമൈന്‍ ട്രെയിന്‍ സ്റ്റേഷന്‍, മക്കക്കു സമീപമുള്ള ചെക്ക് പോസ്റ്റുകള്‍, സോര്‍ട്ടിംഗ് സെന്ററുകള്‍, താല്‍ക്കാലിക ചെക്ക് പോസ്റ്റുകള്‍ എന്നിവിടങ്ങളില്‍ വെച്ച് പിടിയിലാകുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും സന്ദര്‍ശന വിസയില്‍ രാജ്യത്ത് പ്രവേശിച്ചവര്‍ക്കുമെതിരെയാണ് ശിക്ഷാ നടപടികള്‍ സ്വീകരിക്കുക.
നിയമ ലംഘകരെ പിഴ ചുമത്തി സ്വദേശങ്ങളിലേക്ക് നാടുകടത്തുകയും പുതിയ വിസയില്‍ വീണ്ടും സൗദിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് നിശ്ചിത കാലത്തേക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്യും. നിയമ ലംഘനം ആവര്‍ത്തിച്ച് കുടുങ്ങുന്നവര്‍ക്ക് ഇരട്ടി തുക പിഴ ചുമത്തും.