ജിദ്ദ – ഹജ് പെര്‍മിറ്റില്ലാത്തവരെയും ഹജ് വിസയില്ലാത്തവരെയും മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കടത്തുന്നവര്‍ക്ക് 50,000 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് ഹജ്, ഉംറ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. നിയമ ലംഘകര്‍ക്ക് ആറു മാസം തടവ് ശിക്ഷയും നല്‍കും. നിയമ ലംഘകരെ കടത്താന്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ കണ്ടുകെട്ടാന്‍ നിയമ നടപടികള്‍ സ്വീകരിക്കും. നിയമ ലംഘകരെ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കടത്താന്‍ ശ്രമിച്ച് കുടുങ്ങുന്ന വിദേശികളെ സൗദിയില്‍ നിന്ന് നാടുകടത്തും.
ഇത്തരക്കാര്‍ക്ക് സൗദിയില്‍ പ്രവേശന വിലക്കേര്‍പ്പെടുത്തുകയും ചെയ്യും. അനധികൃത ഹജ് സര്‍വീസ് സ്ഥാപനങ്ങള്‍ നടത്തുന്നവരെയും നിയമ വിരുദ്ധമായി ഹജ് നിര്‍വഹിക്കാന്‍ ശ്രമിക്കുന്നവരെയും ഇത്തരക്കാര്‍ക്ക് സഹായ സൗകര്യങ്ങള്‍ നല്‍കുന്നവരെയും കുറിച്ച് റിയാദ്, മക്ക, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് എല്ലാവരും റിപ്പോര്‍ട്ട് ചെയ്യണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.