റിയാദ്- ഈ വര്‍ഷത്തെ ഹജ് തീര്‍ഥാടകര്‍ക്ക് ഡിജിറ്റല്‍ തിരിച്ചറിയല്‍ രേഖ സൗദി ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. വിദേശകാര്യമന്ത്രാലയം, ഹജ് ഉംറ മന്ത്രാലയം, എഐ സംവിധാനമായ സദായ എന്നിവയുമായി സഹകരിച്ചാണ് തിരിച്ചറിയല്‍ രേഖ പുറത്തിറക്കിയത്. ഇതുവഴി ആഭ്യന്തരമന്ത്രാലയത്തിന്റെ പോര്‍ട്ടലുകളായ അബ്ശിര്‍, തവക്കല്‍നാ എന്നിവിടങ്ങളിലെ സേവനങ്ങള്‍ ലഭ്യമാകും. സൗദിയില്‍ താമസിക്കുന്ന സമയങ്ങളില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള സേവനങ്ങള്‍ ഹാജിമാര്‍ക്ക് ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മന്ത്രാലയം അറിയിച്ചു.
അതേസമയം ഹാജിമാരുടെ സുരക്ഷക്ക് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ യോജിച്ചുപ്രവര്‍ത്തനം നടത്തിവരികയാണ്. അനധികൃത ഹാജിമാര്‍ പിടിക്കപ്പെട്ടാല്‍ പതിനായിരം റിയാലാണ് പിഴ. സൗദികള്‍ക്കും വിദേശികള്‍ക്കും ഹജ്ജില്‍ പങ്കെടുക്കണമെങ്കില്‍ അനുമതിപത്രം ആവശ്യമാണ്.
ഹജ് സമയം അടുത്തതോടെ വ്യാജ ഹജ് ഹംലകളെ നിരീക്ഷിക്കാനും തുടങ്ങിയിട്ടുണ്ട്. ഹജ് സംബന്ധിച്ച് വ്യാജ പരസ്യങ്ങളില്‍ വിശ്വസിക്കരുതെന്നും വഞ്ചിതരാകരുതെന്നും പൊതുസുരക്ഷ വിഭാഗം അറിയിച്ചു.
