റിയാദ്- സൗദി അറേബ്യയുടെ ഉയര്‍ന്ന പ്രദേശങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് ഈ വേനല്‍ കാലത്ത് നേരിട്ടുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് സൗദി ടൂറിസം അതോറിറ്റി സിഇഒ ഫഹദ് ഹമീദുദ്ദീന്‍ അറിയിച്ചു. അല്‍ബാഹ, അസീര്‍, അബഹ, തായിഫ് എന്നിവിടങ്ങളിലേക്കാണ് നേരിട്ട് വിമാന സര്‍വീസുകള്‍ ആരംഭിക്കാനിരിക്കുന്നത്. ഇത് സംബന്ധിച്ച് ഉടന്‍ പ്രഖ്യാപനമുണ്ടാകും. നിലവില്‍ റിയാദ്, ജിദ്ദ, ദമാം തുടങ്ങിയ വിമാനത്താവളങ്ങളുമായി കണക്ട് ചെയ്താണ് വിമാനസര്‍വീസുകളുളളത്.
രാജ്യത്തിന്റെ ടൂറിസം രംഗത്തെ വലിയ സാധ്യതകളാണ് ഈ പ്രഖ്യാപനത്തിന് പിന്നില്‍. മറ്റു പ്രദേശങ്ങളില്‍ താപനില ഗണ്യമായി ഉയരുമ്പോഴും സൗദിയിലെ ഈ നാലു പ്രദേശങ്ങളില്‍ താപനില വളരെ കുറവായിരിക്കും. സൗദിയിലെയും ജിസിസി രാജ്യങ്ങളിലെയും നിരവധി പേര്‍ ഇവിടെ ഈ സീസണില്‍ സ്ഥിരമായി എത്തുന്നുണ്ട്. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ഈ പ്രദേശങ്ങളിലെ കടല്‍ തീരവും നവീകരിക്കും. അതോടൊപ്പം നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള പദ്ധതികളും തയ്യാറാക്കും.
ബഹാമസ്, ബാര്‍ബഡോസ്, ഗ്രനഡ അടക്കം 66 രാജ്യങ്ങളിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സൗദിയിലേക്ക് ഇ വിസ ലഭിക്കുന്നുണ്ട്. 2030 ആകുമ്പോഴേക്കും പ്രതിവര്‍ഷം 70 മില്യന്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.