റിയാദ്- 75 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ റിയാദിലെ റെസ്റ്റോറന്റിന്റെ എല്ലാ ശാഖകളും താത്കാലികമായി അടച്ചതായി റിയാദ് നഗരസഭ അറിയിച്ചു. സ്ഥാപനത്തിന് കീഴിലെ എല്ലാ ശാഖകളിലെയും ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ച് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമേ തുറക്കുകയുള്ളൂ. അതേസമയം ആറു വിദേശികളടക്കം 75 പേര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായതും പുതിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. നിലഗുരുതരമായി ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. 20 പേര്‍ ഐസിയുവിലാണ്. 11 പേരെ റൂമുകളിലേക്ക് മാറ്റി. 43 പേര്‍ ആശുപത്രിവിട്ടു. എല്ലാവര്‍ക്കും വിഷബാധയേറ്റത് ഒരേ സ്ഥലത്ത് നിന്നാണ്. ഏപ്രില്‍ 25ന് വ്യാഴാഴ്ചയാണ് റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് വിഷബാധ റിപ്പോര്‍ട്ട് ചെയ്തത്.
ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചശേഷം സ്ഥാപനം അടക്കേണ്ട പിഴ സംബന്ധിച്ച് നടപടികള്‍ പൂര്‍ത്തിയാക്കും. റിയാദിലെയും അല്‍ഖര്‍ജിലെയും സ്ഥാപനത്തിന്റെ മുഴുവന്‍ കേന്ദ്രങ്ങളും അടച്ചിട്ടുണ്ട്. റിയാദ് ഗവര്‍ണര്‍ വിഷയം നിരീക്ഷിക്കുന്നുണ്ടെന്നും നടപടികള്‍ വേഗത്തിലാക്കുമെന്നും നഗരസഭ അറിയിച്ചു. ഇതോടെ നഗരത്തിലെ എല്ലാ റെസ്‌റ്റോറന്റുകളിലും പരിശോധന ശക്തമായി.