ജിദ്ദ – ആഭ്യന്തര ഹജ് തീര്‍ഥാടകര്‍ ബുക്ക് ചെയ്ത പാക്കേജുകള്‍ പ്രകാരമുള്ള അവസാന (മൂന്നാം) ഗഡു തുക അടക്കേണ്ട സമയം ഇന്ന് (തിങ്കള്‍) അവസാനിക്കും. നിശ്ചിത സമയം അവസാനിക്കുന്നതിനു മുമ്പായി മൂന്നാം ഗഡു അടച്ചാല്‍ മാത്രമേ ഹജ് ബുക്കിംഗ് കണ്‍ഫേം ആയി മാറുകയുള്ളൂ. മൂന്നാം ഗഡു ഇന്ന് അടക്കാത്തവരുടെ ബുക്കിംഗ് റദ്ദാക്കപ്പെടും. ബുക്ക് ചെയ്ത പാക്കേജ് അനുസരിച്ച തുകയുടെ 40 ശതമാനമാണ് മൂന്നാം ഗഡുവായി അടക്കേണ്ടത്. സീറ്റുകള്‍ കാലിയായി ലഭ്യമാകുന്ന പക്ഷം ദുല്‍ഹജ് ഏഴു വരെ ഹജ് രജിസ്‌ട്രേഷന് സൗകര്യമുണ്ടാകും.
ഹജിന് ബുക്ക് ചെയ്ത് പണമടച്ച ശേഷം വ്യവസ്ഥകള്‍ പൂര്‍ണമല്ലാത്തതിന്റെ പേരില്‍ ആഭ്യന്തര മന്ത്രാലയം ഹജ് പെര്‍മിറ്റ് ഇഷ്യു ചെയ്യാന്‍ വിസമ്മതിക്കുന്ന പക്ഷം ഇ-സര്‍വീസ് ഫീസ് എന്നോണം 67.85 റിയാല്‍ പിടിച്ച് ശേഷിക്കുന്ന തുക തീര്‍ഥാടകന് തിരികെ നല്‍കും. ശവ്വാല്‍ 15 മുതല്‍ ദുല്‍ഖഅ്ദ അവസാനം വരെയുള്ള കാലത്ത് ഹജ് പെര്‍മിറ്റിന്റെ പ്രിന്റൗട്ട് എടുത്ത ശേഷം ബുക്കിംഗ് റദ്ദാക്കുന്നവര്‍ അടച്ച തുകയില്‍ നിന്ന് 10 ശതമാനം പിടിക്കും. ദുല്‍ഹജ് ഒന്നു മുതല്‍ ഇ-ട്രാക്ക് അടക്കുന്നതു വരെയുള്ള കാലത്ത് പെര്‍മിറ്റിന്റെ പ്രിന്റൗട്ട് എടത്ത ശേഷം ബുക്കിംഗ് റദ്ദാക്കുന്നവര്‍ക്ക് തെരഞ്ഞെടുത്ത പാക്കേജ് പ്രകാരം അടച്ച തുകയില്‍ നിന്ന് യാതൊന്നും തന്നെ തിരികെ ലഭിക്കില്ല.
ഹജ് വിസയിലല്ലാതെ വിദേശങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഹജ് നിര്‍വഹിക്കാന്‍ അനുവാദമില്ല. ഹജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സൗദിയിലെത്തുന്നതിനു മുമ്പായി ഹജ് വിസ നേടണം. വിസിറ്റ് വിസ, ടൂറിസ്റ്റ് വിസ, തൊഴില്‍ വിസ, ട്രാന്‍സിറ്റ് വിസ തുടങ്ങി ഹജ് വിസയല്ലാത്ത മറ്റേതു വിസകളിലും സൗദിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഹജ് നിര്‍വഹിക്കാന്‍ അനുവാദമില്ലെന്നും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.