ദുബൈ: ഈ ആഴ്ചയിൽ ഇടിമിന്നലോടെ ശക്തമായ മഴയുണ്ടാകുമെന്ന് പ്രവചിച്ച് യു.എ.ഇ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അബൂദബി, ദുബൈ അടക്കം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളെ ബാധിക്കുന്ന മഴ ബുധനാഴ്ച രാത്രി തുടങ്ങി വ്യാഴാഴ്ച ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. വ്യത്യസ്ത പ്രദേശങ്ങളിൽ ഇടത്തരം മുതൽ ശക്തമായ മഴ വരെ ലഭിക്കും.
ചില പ്രദേശങ്ങളിൽ ആലിപ്പഴ വീഴ്ചയും ഉണ്ടായേക്കും. പടിഞ്ഞാറൻ പ്രദേശങ്ങളിൽ ബുധനാഴ്ച ആരംഭിക്കുന്ന മഴ, വ്യഴാഴ്ച രാജ്യത്തിന്‍റെ മിക്ക ഭാഗങ്ങളിലേക്കും വ്യാപിക്കും. ഈ ദിവസം മണിക്കൂറിൽ 65 കി.മീറ്റർ വേഗത്തിൽ വരെ കാറ്റും പ്രവചിക്കുന്നുണ്ട്. അബൂദബിയിൽ വ്യാഴാഴ്ച രാവിലെ ഏഴു മുതലാണ് ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. തലസ്ഥാന എമിറേറ്റിൽ ഈ ആഴ്ചയിലെ ഏറ്റവും ഉയർന്ന താപനില ചൊവ്വാഴ്ച ഉച്ചക്കായിരിക്കും. പിന്നീട്, മഴക്കൊപ്പം താപനിലയും കുറയും. ദുബൈയിൽ രാവിലെ 10നും വൈകീട്ട് നാലിനുമിടയിലാണ് മഴയെത്തുക.
അതിനിടെ, കഴിഞ്ഞ ദിവസവും രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ മഴ ലഭിച്ചു. ദുബൈയിലെ ചില ഭാഗങ്ങൾ, ഫുജൈറ എന്നിവിടങ്ങളിൽ ഞായറാഴ്ച യെല്ലോ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. അൽഐനിലും ഞായറാഴ്ച രാവിലെ ചെറിയ മഴ ലഭിച്ചു.