റിയാദ്: ജുബൈലിനും റിയാദിനുമിടയിൽ ആദ്യ ചരക്ക് ട്രെയിൻ യാത്ര ആരംഭിച്ചു. ജുബൈൽ തുറമുഖത്തുനിന്ന് റിയാദ് അൽജാഫ് പോർട്ടിലേക്ക് തിരിച്ച ആദ്യ ചരക്ക് ട്രെയിനിൽ 59 കണ്ടെയ്‌നറുകളും 42 ലോഡ് ട്രെയിലറുകളും ഉൾപ്പെടുന്നു. കിഴക്കൻ സൗദി അറേബ്യയിലെ ജുബൈൽ തുറമുഖത്തുനിന്ന് റിയാദിലെ അൽജാഫ് തുറമുഖത്തേക്കുള്ള ആദ്യത്തെ ട്രെയിൻ യാത്രയാണിത്. രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങൾ തമ്മിലുള്ള ലാൻഡ് കണക്ടിവിറ്റി വർധിപ്പിക്കുന്നതിനും ലോജിസ്റ്റിക്കൽ ഗതാഗത സംവിധാനം വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ജുബൈലിനും റിയാദിനുമിടയിൽ ചരക്ക് ഗതാഗതം ആരംഭിച്ചിരിക്കുന്നത്. ഭൂഗതാഗത മേഖലയിലെ ഗുണപരമായ കുതിച്ചുചാട്ടത്തെയും വിഷൻ 2030 ലക്ഷ്യം കൈവരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പിനെയും പ്രതിനിധീകരിക്കുന്നതാണ് ജുബൈലിനും റിയാദിനുമിടയിലെ ചരക്കുഗതാഗതം. ജുബൈൽ വ്യവസായ തുറമുഖം അറേബ്യൻ ഗൾഫ് തീരത്തെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളിലൊന്നും രാജ്യത്തെ ആദ്യത്തെ കയറ്റുമതി കവാടമായും കണക്കാക്കപ്പെടുന്നു.
നിരവധി പ്രധാന അന്താരാഷ്ട്ര ഫാക്ടറികൾക്ക് സമീപമുള്ള തന്ത്രപ്രധാനമായ സ്ഥാനത്താണ് ജുബൈൽ തുറമുഖം സ്ഥിതി ചെയ്യുന്നത്. ഗതാഗത, ലോജിസ്റ്റിക് മേഖലകളിലെ സൗദി അറേബ്യയുടെ വിശിഷ്ട നേട്ടങ്ങളുടെ റെക്കോർഡിലേക്ക് ഒരു സുപ്രധാന നേട്ടമായാണ് ഈ യാത്രയെ കണക്കാക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും വിതരണ ശൃംഖലകളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമുള്ള ഗതാഗത മന്ത്രാലയത്തിന്‍റെ പ്രതിബദ്ധതയാണിത് പ്രതിഫലിപ്പിക്കുന്നത്. ഗതാഗത ചെലവ് കുറക്കുന്നതിനും ചരക്കുകളുടെ വിതരണ വേഗത വർധിപ്പിക്കുന്നതിനും ഗണ്യമായ സംഭാവന നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം ആഗോള വിപണിയിൽ സൗദി ഉൽപ്പന്നങ്ങളുടെ മത്സരക്ഷമത വർധിപ്പിക്കും. ഈസ്റ്റേൺ ട്രെയിൻ നെറ്റ്‌വർക്കിനെയും നോർത്തേൺ ട്രെയിൻ നെറ്റ്‌വർക്കിനെയും ബന്ധിപ്പിക്കുന്ന ജുബൈൽ റെയിൽവേ നെറ്റ്‌വർക്ക് പദ്ധതി അതിന്‍റെ പ്രവർത്തനത്തിന്‍റെ ആദ്യ ഘട്ടത്തിൽ കാർബൺ ഉദ്‌വമനം 70 ശതമാനത്തിലധികം കുറക്കുന്നതിനും പ്രതിവർഷം രണ്ട് ലക്ഷം ട്രക്കുകൾ റോഡുകളിൽ നിന്ന് ഇല്ലാതാക്കുന്നതിനും സഹായിക്കുമെന്നാണ് ഗതാഗത ലോജിസ്റ്റിക് രംഗത്തെ വിഗദ്ധർ പ്രതീക്ഷിക്കുന്നത്. ഗതാഗത, ലോജിസ്റ്റിക് സേവനങ്ങൾക്കായുള്ള ദേശീയ തന്ത്രത്തിന്‍റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്. ദേശീയ വ്യവസായങ്ങളെ പിന്തുണക്കാനും ഉത്തേജിപ്പിക്കാനും അവരുടെ മത്സരശേഷി വർധിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
