റിയാദ്: റിയാദ് അല്‍മഅ്ദര്‍ ഡിസ്ട്രിക്ടിലെ കിംഗ് ഫൈസല്‍ കൊട്ടാരം ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തി മ്യൂസിയവും വിദ്യാഭ്യാസ, സാംസ്‌കാരിക, വിനോദ സഞ്ചാര കേന്ദ്രവുമാക്കി മാറ്റാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശം നല്‍കി.
കിംഗ് ഫൈസല്‍ സെന്റര്‍ ഫോര്‍ റിസേര്‍ച്ച് ആന്റ് ഇസ്‌ലാമിക് സ്റ്റഡീസ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും കിംഗ് ഫൈസല്‍ യൂനിവേഴ്‌സിറ്റി ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് വൈസ് പ്രസിഡന്റുമായ തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍ കിംഗ് ഫൈസല്‍ യൂനിവേഴ്‌സിറ്റി മെഡിക്കല്‍, ഫാര്‍മസി, സയന്‍സ് കോഴ്‌സ് ബിരുദധാരികളുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത് അറിയിച്ചതാണിത്.
കൊട്ടാരത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തി മ്യൂസിയമാക്കി മാറ്റാനുള്ള പദ്ധതി സല്‍മാന്‍ രാജാവിന് സമര്‍പ്പിക്കുകയും പദ്ധതി രാജാവ് അംഗീകരിക്കുകയും ഇതിനാവശ്യമായ പണം അനുവദിക്കുകയുമായിരുന്നു. സൗദിയിലെ ചരിത്രപരമായ നിരവധി വലിയ സംഭവങ്ങള്‍ക്ക് കിംഗ് ഫൈസല്‍ കൊട്ടാരം സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു.