ജിദ്ദ – സൗദി ഗവണ്‍മെന്റിന്റെ പെട്രോളിതര വരുമാനം കഴിഞ്ഞ വര്‍ഷം 457 ബില്യണ്‍ റിയാലായി ഉയര്‍ന്നതായി വിഷന്‍ 2030 വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കി. കഴിഞ്ഞ കൊല്ലം പെട്രോളിതര മേഖലാ സംഭാവന സര്‍വകാല റെക്കോര്‍ഡ് സ്ഥാപിച്ചു. മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ 50 ശതമാനമായി എണ്ണയിതര മേഖലാ സംഭാവന ഉയര്‍ന്നു. പെട്രോളിതര മേഖല കഴിഞ്ഞ വര്‍ഷം 4.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
2016 നെ അപേക്ഷിച്ച് 2023 ല്‍ സര്‍ക്കാറിന്റെ പെട്രോളിതര വരുമാനത്തില്‍ 291 ബില്യണ്‍ റിയാലിന്റെ വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ കൊല്ലം ബജറ്റ് ധനവിനിയോഗത്തിന്റെ 35 ശതമാനം പെട്രോളിതര മേഖല സംഭാവന ചെയ്തു. ബജറ്റ് ധനവിനിയോഗം 1,293 ബില്യണ്‍ റിയാലായിരുന്നു. പെട്രോളിതര മേഖലയിലെ മൊത്തം ആഭ്യന്തരോല്‍പാദനം 1,889 ബില്യണ്‍ റിയാലായി. മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ സ്വകാര്യ മേഖലാ സംഭാവന 45 ശതമാനമായി ഉയര്‍ന്നു. എണ്ണയും ഗ്യാസുമായും ബന്ധപ്പെട്ട വ്യവസായ മേഖലയില്‍ നിന്നുള്ള ആകെ കയറ്റുമതി 605 ബില്യണ്‍ റിയാലായി.
2023 ല്‍ മൊത്തം ആഭ്യന്തരോല്‍പാദനത്തിലെ വളര്‍ച്ച 0.9 ശതമാനമായി കുറഞ്ഞു. എണ്ണ മേഖല 9.2 ശതമാനം ശോഷണം നേരിട്ടതാണ് ഇതിന് കാരണം. എട്ടു കൊല്ലത്തിനിടെ വളണ്ടിയര്‍മാരുടെ എണ്ണത്തില്‍ എട്ടു ലക്ഷം പേരുടെ വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷാവസാനത്തോടെ വളണ്ടിയര്‍മാര്‍ 8,34,000 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തോടെ വളണ്ടിയര്‍മാരുടെ എണ്ണം 6,70,000 ആയി ഉയര്‍ത്താനാണ് ലക്ഷ്യമിട്ടിരുന്നത്.
കഴിഞ്ഞ വിദേശ ഉംറ തീര്‍ഥാടകരുടെ എണ്ണം സര്‍വകാല റെക്കോര്‍ഡിട്ടു. 2023 ല്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് 13.56 ദശലക്ഷം ഉംറ തീര്‍ഥാടകരെത്തി. കഴിഞ്ഞ വര്‍ഷം വിദേശങ്ങളില്‍ നിന്ന് ഒരു കോടി ഉംറ തീര്‍ഥാടകരെ ആകര്‍ഷിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഇത് മറികടക്കാന്‍ സാധിച്ചു. 2016 നെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം വിദേശ ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ 73.6 ലക്ഷം പേരുടെ വര്‍ധന രേഖപ്പെടുത്തി.
സ്വന്തം ഉടമസ്ഥതയില്‍ പാര്‍പ്പിടങ്ങളുള്ള സൗദി കുടുംബങ്ങളുടെ അനുപാതം 63.74 ശതമാനമായി. 2016 നെ അപേക്ഷിച്ച് 16.7 ശതമാനം കൂടുതലാണിത്. കഴിഞ്ഞ വര്‍ഷാവസാനത്തോടെ സ്വന്തം ഉടമസ്ഥതയില്‍ പാര്‍പ്പിടങ്ങളുള്ള സൗദി കുടുംബങ്ങളുടെ അനുപാതം 63 ശതമാനമായി ഉയര്‍ത്താനാണ് ലക്ഷ്യമിട്ടിരുന്നത്. ഈ ലക്ഷ്യം മറികടക്കാന്‍ സാധിച്ചു.
2016 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷാവസാനത്തോടെ സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് നിയന്ത്രിക്കുന്ന ആസ്തികള്‍ 2.09 ട്രില്യണ്‍ റിയാല്‍ തോതില്‍ വര്‍ധിച്ച് 2.81 ട്രില്യണ്‍ റിയാലായി. പി.ഐ.എഫ് ആസ്തികള്‍ കഴിഞ്ഞ വര്‍ഷാവസാനത്തോടെ 2.7 ട്രില്യണ്‍ റിയാലായി ഉയര്‍ത്താനാണ് ലക്ഷ്യമിട്ടിരുന്നത്.
സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 7.7 ശതമാനമായി കുറഞ്ഞു. 2022 ല്‍ തൊഴിലില്ലായ്മ നിരക്ക് എട്ടു ശതമാനമായിരുന്നു. 2016 ല്‍ തൊഴിലില്ലായ്മ നിരക്ക് 12.3 ശതമാനമായിരുന്നു. തൊഴില്‍ വിപണിയില്‍ വനിതാ പങ്കാളിത്തം 34 ശതമാനമായി. പണപ്പെരുപ്പം 1.6 ശതമാനമായി കുറഞ്ഞു. 2022 ല്‍ ഇത് 3.1 ശതമാനമായിരുന്നു.
ഇസ്‌ലാമിക മൂല്യങ്ങളും ദേശീയ സ്വത്വവും പ്രോത്സാഹിപ്പിച്ചും തീര്‍ഥാടരെ സേവിച്ചും ഉന്നത നിലവാരം പുലര്‍ത്തുന്ന, ക്ഷേമവും സമൃദ്ധിയും ആസ്വദിക്കുന്ന ഒരു സമൂഹം കെട്ടിപ്പടുക്കാനും അടിസ്ഥാന സേവനങ്ങളുടെയും ആരോഗ്യ പരിചരണങ്ങളുടെയും നിലവാരം ഉയര്‍ത്താനുമുള്ള ശ്രമങ്ങള്‍ വിഷന്‍ 2030 തുടരുകയാണെന്നും റിപ്പോര്‍ട്ട് പറഞ്ഞു. 2016 ല്‍ ആണ് സൗദി അറേബ്യ സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിനും പരിഷ്‌കരണങ്ങള്‍ക്കുമുള്ള വിഷന്‍ 2030 പ്രഖ്യാപിച്ചത്.