GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ ബസ് ഡ്രൈവര്‍മാര്‍ക്ക് യൂനിഫോം നിര്‍ബന്ധമാക്കാനുള്ള തീരുമാനം ഇന്നു മുതല്‍ നടപ്പാക്കി തുടങ്ങിയതായി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി

ജിദ്ദ – ബസ് ഡ്രൈവര്‍മാര്‍ക്ക് യൂനിഫോം നിര്‍ബന്ധമാക്കാനുള്ള തീരുമാനം ഇന്നു മുതല്‍ നടപ്പാക്കി തുടങ്ങിയതായി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി അറിയിച്ചു. സ്‌പെഷ്യലൈസ്ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍, എജ്യുക്കേഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ബസ് വാടക, ഇന്റര്‍നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്നീ ബസ് സര്‍വീസുകള്‍ക്ക് ഇത് ബാധകമാണ്. ഡ്രൈവര്‍മാര്‍ക്കുള്ള യൂനിഫോം ബസ് ഗതാഗത മേഖലയില്‍ സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും ഉയര്‍ത്താനും പൊതുരൂപവും അനുകൂല ആകര്‍ഷണത്വവും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള അതോറിറ്റിയുടെ ശ്രമങ്ങള്‍ക്ക് കരുത്തുപകരും.
പുരുഷ ഡ്രൈവര്‍മാര്‍ക്ക് സൗദി ദേശീയ വസ്ത്രം (തോബ്) ഓപ്ഷനലായി യൂനിഫോം ആയി ഉപയോഗിക്കാവുന്നതാണ്. തോബിനൊപ്പം ഷൂസോ പാദരക്ഷയോ ഉപയോഗിക്കണം. തോബ് ഉപയോഗിക്കുന്ന ഡ്രൈവര്‍ക്ക് ശിരോവസ്ത്രമോ തൊപ്പിയോ ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യാവുന്നതാണ്. തൊപ്പി ഉപയോഗിക്കുകയാണെങ്കില്‍ കറുത്ത നിറത്തിലുള്ള തൊപ്പിയാണ് ഉപയോഗിക്കേണ്ടത്.
തോബ് ഉപയോഗിക്കാത്തവര്‍ നീളന്‍ കൈയുള്ള ഇളം നീല നിറത്തിലുള്ള യൂനിഫോം ഷര്‍ട്ടും ഇറക്കം കൂടിയ കറുത്ത പാന്റ്‌സും കറുത്ത ബെല്‍റ്റും കറുത്ത ഷൂസും ആണ് യൂനിഫോം ആയി ധരിക്കേണ്ടത്. ഇത് നിര്‍ബന്ധമാണ്. വനിതാ ഡ്രൈവര്‍മാര്‍ക്ക് ഓപ്ഷനലായി യൂനിഫോം ആയി പര്‍ദ്ദ ഉപയോഗിക്കാവുന്നതാണ്. പര്‍ദ്ദക്കൊപ്പം ഇവര്‍ ഷൂസോ പാദരക്ഷയോ ഉപയോഗിക്കണം. ഇവര്‍ക്ക് ശിരോവസ്ത്രമോ തൊപ്പിയോ ധരിക്കാവുന്നതാണ്. തൊപ്പി ധരിക്കുകയാണെങ്കില്‍ കറുത്ത നിറത്തിലുള്ള തൊപ്പിയാണ് ഉപയോഗിക്കേണ്ടത്.
പര്‍ദ്ദ ഉപയോഗിക്കാത്തവര്‍ നീളന്‍ കൈയുള്ള ഇളം നീല നിറത്തിലുള്ള യൂനിഫോം ഷര്‍ട്ടും ഇറക്കം കൂടിയ കറുത്ത പാന്റ്‌സും കറുത്ത ബെല്‍റ്റും കറുത്ത ഷൂസും ആണ് യൂനിഫോം ആയി ധരിക്കേണ്ടത്. ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റിയില്‍ നിന്ന് മുന്‍കൂട്ടി അനുമതി നേടി കമ്പനികള്‍ക്ക് തങ്ങളുടെതായ പ്രത്യേക യൂനിഫോം വികസിപ്പിക്കാവുന്നതാണ്. ഇത്തരം സാഹചര്യങ്ങളില്‍ നീളന്‍ കൈയുള്ള ഷര്‍ട്ടോ ഹാഫ് കൈയുള്ള ഷര്‍ട്ടോ, ഇറക്കം കൂടിയ പാന്റ്‌സും ബെല്‍റ്റും ഷൂസും ആയിരിക്കണം യൂനിഫോം ആയി നിശ്ചയിക്കേണ്ടത്. പുരുഷ, വനിതാ ഡ്രൈവര്‍മാര്‍ക്ക് തൊപ്പിയും ധരിക്കാവുന്നതാണ്. ഷര്‍ട്ടിന്റെ നിറത്തിന് പൊരുത്തപ്പെടുന്ന നിറത്തിലുള്ള തൊപ്പിയാണ് ഉപയോഗിക്കേണ്ടത്.
യൂനിഫോമിനു പുറമെ ഡ്രൈവര്‍ക്ക് ജാക്കറ്റോ കോട്ടോ ഉപയോഗിക്കാവുന്നതാണ്. ഡ്രൈവറുടെ വസ്ത്രം കൃത്യനിര്‍വഹണം നടത്തുന്നതിന് തടസ്സമാകാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. യൂനിഫോമിനൊപ്പം ഡ്രൈവര്‍മാര്‍ തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കണം. പേരും ഫോട്ടോയും ഡ്രൈവര്‍ കാര്‍ഡ് നമ്പറും സ്ഥാപനത്തിന്റെ പേരും എംബ്ലവും തിരിച്ചറിയല്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിരിക്കണം. എജ്യുക്കേഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ലൈസന്‍സുള്ള വ്യക്തികള്‍ തിരിച്ചറിയല്‍ കാര്‍ഡില്‍ ഡ്രൈവറുടെ പേരും ഡ്രൈവര്‍ കാര്‍ഡ് നമ്പറും മാത്രം ഉപയോഗിച്ചാല്‍ മതി. ഡ്രൈവറുടെ തിരിച്ചറിയല്‍ കാര്‍ഡിലെ അടിസ്ഥാന വിവരങ്ങളൊന്നും യൂനിഫോം മറക്കാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്.

ക്യാപ്.
ബസ് ഡ്രൈവര്‍മാര്‍ക്കുള്ള യൂനിഫോം മാതൃക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!