റിയാദ് – മസ്ജിദുകളില്‍ നമസ്‌കാരത്തിനു മുന്നോടിയായി അംഗശുദ്ധി വരുത്താന്‍ (വുദു എടുക്കാന്‍) ഉപയോഗിക്കുന്ന വെള്ളം വീണ്ടും പ്രയോജനപ്പെടുത്തുന്ന പദ്ധതി ഇസ്‌ലാമികകാര്യ മന്ത്രാലയം റിയാദില്‍ നടപ്പാക്കുന്നു. തലസ്ഥാന നഗരിയിലെ പ്രധാന പള്ളികളില്‍ ടോയ്‌ലെറ്റുകളിലെ ഫ്‌ളഷ് ടാങ്കുകളില്‍ വുദു വെള്ളം വീണ്ടും ഉപയോഗിക്കാനാണ് പദ്ധതി. അല്‍ജസീറ ഡിസ്ട്രിക്ട് അല്‍റാജ്ഹി ജുമാമസ്ജിദ്, അല്‍യാസ്മിന്‍ ഡിസ്ട്രിക്ട് അല്‍ജൗഹറ അല്‍ബാബത്തീന്‍ ജുമാമസ്ജിദ്, അല്‍അസീസിയ ഡിസ്ട്രിക്ട് അല്‍ബവാരിദി ജുമാമസ്ജിദ് എന്നിവിടങ്ങളില്‍ വുദു വെള്ളം ഫ്‌ളഷ് ടാങ്കുകളില്‍ പ്രയോജനപ്പെടുത്തുന്ന പദ്ധതി നടപ്പാക്കാന്‍ കോണ്‍ട്രാക്ടിംഗ് കമ്പനികളുമായി കരാറുകള്‍ ഒപ്പുവെക്കാന്‍ മന്ത്രാലയം ശ്രമിച്ചുവരികയാണ്. ഇസ്‌ലാമികകാര്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിനു കീഴില്‍ മസ്ജിദുകള്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ ജലവിനിയോഗം നിയന്ത്രിക്കാനും വുദു വെള്ളം മരങ്ങളുടെയും പച്ചവിരിച്ച സ്ഥലങ്ങളുടെയും ജലസേചനത്തിനും പ്രയോജനപ്പെടുത്താനും ഇസ്‌ലാമികകാര്യ മന്ത്രാലയവും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയവും 2020 ഒക്‌ടോബറില്‍ കരാര്‍ ഒപ്പുവെച്ചിരുന്നു.