ജിദ്ദ – കയറ്റുമതി കുറയുകയും ഇറക്കുമതി വര്‍ധിക്കുകയും ചെയ്തതിന്റെ ഫലമായി ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സൗദി അറേബ്യയുടെ വാണിജ്യ മിച്ചം 22 ശതമാനം തോതില്‍ കുറഞ്ഞതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. ഫെബ്രുവരിയില്‍ വാണിജ്യ മിച്ചം 31.9 ബില്യണ്‍ റിയാലായാണ് കുറഞ്ഞത്. കയറ്റുമതി രണ്ടു ശതമാനം തോതില്‍ കുറഞ്ഞ് 95 ബില്യണ്‍ റിയാലും ഇറക്കുമതി 12 ശതമാനം തോതില്‍ വര്‍ധിച്ച് 63.1 ബില്യണ്‍ റിയാലുമായി.
എണ്ണ കയറ്റുമതി വരുമാനം നാലു ശതമാനം തോതില്‍ കുറഞ്ഞ് 73.2 ബില്യണ്‍ റിയാലായി. ഒപെക് പ്ലസ് കൂട്ടായ്മാ കരാറിന്റെ ഭാഗമായി സൗദി അറേബ്യ ഉല്‍പാദനം കുറച്ചത് എണ്ണ കയറ്റുമതി വരുമാനം കുറയാന്‍ ഇടയാക്കി.
പെട്രോളിതര കയറ്റുമതി നാലു ശതമാനം തോതില്‍ വര്‍ധിച്ച് 21.9 ബില്യണ്‍ റിയാലായി. ആകെ കയറ്റുമതിയില്‍ എണ്ണ 77 ശതമാനവും പെട്രോളിതര ഉല്‍പന്നങ്ങള്‍ 23 ശതമാനവുമാണ്. ഫെബ്രുവരിയില്‍ സൗദി അറേബ്യയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയായി ചൈന തുടര്‍ന്നു. രണ്ടാം സ്ഥാനത്ത് ജപ്പാനും മൂന്നാം സ്ഥാനത്ത് ഇന്ത്യയുമാണ്. ഫെബ്രുവരിയില്‍ ചൈനയിലേക്ക് 12.6 ഉം ജപ്പാനിലേക്ക് ഒമ്പതും ഇന്ത്യയിലേക്ക് 8.6 ഉം ബില്യണ്‍ റിയാലിന്റെ ഉല്‍പന്നങ്ങള്‍ കയറ്റി അയച്ചു. ആകെ കയറ്റുമതിയുടെ 13.2 ശതമാനം ചൈനയിലേക്കും 9.9 ശതമാനം ജപ്പാനിലേക്കും 9.4 ശതമാനം ഇന്ത്യയിലേക്കുമായിരുന്നു.