ജിദ്ദ – കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 1.9 കോടിയിലേറെ പേര്‍ റൗദ ശരീഫ് സന്ദര്‍ശിച്ചതായി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ പ്രഥമ ഉംറ, സിയാറത്ത് ഫോറം ഉദ്ഘാടനം ചെയ്ത് വെളിപ്പെടുത്തി. റൗദ ശരീഫ് സന്ദര്‍ശന സംവിധാനം പരിഷ്‌കരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ശ്രമങ്ങള്‍ തുടരുകയാണ്. ലോകത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന കേന്ദ്രം വിശുദ്ധ ഹറം ആണ്. ലോകത്തെങ്ങും നിന്നുള്ള കോടിക്കിനാളുകള്‍ ഓരോ വര്‍ഷവും വിശുദ്ധ ഹറം സന്ദര്‍ശിക്കുന്നു.
ഉംറ, സിയാറത്ത് ഫോറത്തില്‍ സൗദി ഉംറ, സിയാറത്ത് കമ്പനികളും ലോക രാജ്യങ്ങില്‍ ഉംറ, സിയാറത്ത് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളും തമ്മില്‍ 1,500 ലേറെ കരാറുകള്‍ ഒപ്പുവെക്കും. 28 സര്‍ക്കാര്‍ വകുപ്പുകളും 3,000 ലേറെ സൗദി, വിദേശ കമ്പനികളും ഫോറത്തില്‍ പങ്കെടുക്കുന്നു. തീര്‍ഥാടകരുടെ അനുഭവം മെച്ചപ്പെടുത്താന്‍ ഹജ്, ഉംറ മന്ത്രാലയം നിരന്തര ശ്രമങ്ങള്‍ നടത്തുന്നു. സൗദിയിലെത്തുന്നതു മുതല്‍ രാജ്യം വിടുന്നതു വരെയുള്ള കാലത്ത് തീര്‍ഥാടകരുടെ നീക്കങ്ങള്‍ 3,000 ലേറെ ഉദ്യോഗസ്ഥര്‍ വഴി ഹജ്, ഉംറ മന്ത്രാലയം നിരീക്ഷിക്കുന്നു. തീര്‍ഥാടകരുടെ അന്വേഷണങ്ങള്‍ക്കും പരാതികള്‍ക്കും 1966 എന്ന നമ്പറില്‍ കോള്‍ സെന്റര്‍ ആരംഭിച്ചിട്ടുണ്ട്. ഒമ്പതു ഭാഷകളില്‍ കോള്‍ സെന്ററുമായി ആശയവിനിമയം നടത്താന്‍ സാധിക്കും. ഹറംകാര്യ വകുപ്പുമായി സഹകരിച്ചാണ് ഹജ്, ഉംറ മന്ത്രാലയം കോള്‍ സെന്റര്‍ തുറന്നതെന്നും മന്ത്രി പറഞ്ഞു.
ഉംറ തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും സൗദി അറേബ്യ നല്‍കുന്ന സേവനങ്ങള്‍ പരിചയപ്പെടുത്താന്‍ ഹജ്, ഉംറ മന്ത്രാലയം വലിയ ശ്രമങ്ങളാണ് നടത്തുന്നത്. ഉംറ തീര്‍ഥാടകരും സിയാറത്തുകാരും നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാനും ഇക്കാര്യത്തില്‍ സൗദി അറേബ്യ നല്‍കുന്ന ഇളവുകളും സേവനങ്ങളും പരിചയപ്പെടുത്താനും തന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം സമീപ കാലത്ത് 24 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും ഡോ. തൗഫീഖ് അല്‍റബീഅ പറഞ്ഞു.