ജിദ്ദ – ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ചുമത്തപ്പെട്ട പിഴകള്‍ അടക്കാന്‍ ട്രാഫിക് നിയമത്തിലെ 75-ാം വകുപ്പ് പ്രകാരം 90 ദിവസത്തെ അധിക സമയം ലഭിക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിര്‍ വഴി ഇതിനുള്ള നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഇതിന് ആദ്യം അബ്ശിര്‍ ഇന്‍ഡിവിജ്വല്‍സ് പ്ലാറ്റ്‌ഫോമില്‍ പ്രവേശിക്കുകയാണ് വേണ്ടത്. തുടര്‍ന്ന് ഖിദ്മാതീ, ട്രാഫിക് ഡയറക്ടറേറ്റ് എന്നിവ യഥാക്രമം തെരഞ്ഞെടുക്കണം. ശേഷം ട്രാഫിക് പിഴകള്‍ അടക്കാനുള്ള സാവകാശം ദീര്‍ഘിപ്പിക്കല്‍ എന്ന സേവനം തെരഞ്ഞെടുത്ത് അതില്‍ ക്ലിക്ക് ചെയ്യണം. അടക്കാനുള്ള സമയം ദീര്‍ഘിപ്പിക്കാന്‍ കഴിയുന്ന പിഴകള്‍ പരിശോധിക്കുകയാണ് അഞ്ചാമത്തെ നടപടി. ഇതിനു ശേഷം ഏതു നിയമ ലംഘനത്തിന്റെ പിഴ അടക്കാനാണോ കൂടുതല്‍ സാവകാശം ആവശ്യമുള്ളതെങ്കില്‍ അത് തെരഞ്ഞെടുക്കണം. തുടര്‍ന്ന് ഗതാഗത നിയമ ലംഘനവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പരിശോധിക്കണം. ശേഷം സാവകാശം ദീര്‍ഘിപ്പിക്കാനുള്ള ഐക്കണില്‍ ക്ലിക്ക് ചെയ്യുകയും ഇത് കണ്‍ഫേം ചെയ്യുകയുമാണ് വേണ്ടതെന്ന് ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.
ചുമത്തപ്പെട്ട പിഴകളില്‍ അപ്പീല്‍ നല്‍കാനുള്ള നിയമാനുസൃത സമയമായ 30 ദിവസവും ഇതിനു ശേഷം പിഴ അടക്കാനുള്ള സാവകാശമായ 15 ദിവസവും അവസാനിച്ച ശേഷമാണ് പിഴ അടക്കാന്‍ 90 ദിവസത്തെ അധിക സാവകാശം ആവശ്യപ്പെട്ട് ഇതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത്. ഗതാഗത നിയമത്തിലെ 75-ാം വകുപ്പ് പ്രകാരം ഈ മാസം 18 മുതല്‍ രേഖപ്പെടുത്തുന്ന ട്രാഫിക് പിഴകളില്‍ 25 ശതമാനം ഇളവ് ലഭിക്കും. എന്നാല്‍ നിയമാനുസൃതം നിശ്ചയിച്ച സമയത്തിനകം പിഴകള്‍ അടക്കാത്ത പക്ഷം വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്ത് അക്കൗണ്ടുകളില്‍ നിന്ന് നേരിട്ട് പിഴ തുക ഈടാക്കാന്‍ നടപടികള്‍ സ്വീകരിക്കും. ഈ മാസം 18 നു മുമ്പ് രേഖപ്പെടുത്തി ഒടുക്കാത്ത പിഴകളില്‍ 50 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇളവ് ആനുകൂല്യം ലഭിക്കാന്‍ പിഴകള്‍ ആറു മാസത്തിനകം അടക്കല്‍ നിര്‍ബന്ധമാണ്.