ദുബൈ: കനത്ത മഴക്കിടെ റോഡുകളിലും തെരുവുകളിലും ഉപേക്ഷിച്ച വാഹനങ്ങൾ മാറ്റണമെന്ന് ദുബൈ പൊലീസ് ഉടമകളോട് ആവശ്യപ്പെട്ടു. എമിറേറ്റിലെ വിവിധ ഭാഗങ്ങളിലായി റോഡുകൾക്ക് സമീപത്തും മറ്റുമായി നിരവധി വാഹനങ്ങൾ മാറ്റാതെ കിടക്കുന്ന സാഹചര്യത്തിലാണ് പൊലീസിന്‍റെ നിർദേശം.
ചൊവ്വാഴ്ച പെയ്ത മഴയിൽ വെള്ളം ഉയർന്നതിനെ തുടർന്ന് നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങിയിരുന്നു. പല വാഹനങ്ങളും വെള്ളം കയറി കേടുവന്നത് കാരണം ഉടമകൾ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ മിക്ക വാഹനങ്ങളും മാറ്റിയിട്ടുണ്ട്. ഇനിയും ബാക്കിയുള്ള വാഹനങ്ങൾ മാറ്റാനാണ് അധികൃതർ നിർദേശിച്ചിട്ടുള്ളത്. റോഡുകളിൽ ഗതാഗതം സുഗമമാക്കുന്നതിന്‍റെ ഭാഗമായാണ് വാഹനങ്ങൾ അതിവേഗം മാറ്റാനായി നിർദേശിച്ചിട്ടുള്ളത്.