ജിദ്ദ – വിവിധ പ്രവിശ്യകളില്‍ സുരക്ഷാ വകുപ്പുകള്‍ ഒരാഴ്ചക്കിടെ നടത്തിയ റെയ്ഡുകളില്‍ 14,000 ലേറെ നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം എട്ടു മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ 14,672 നിയമ ലംഘകരാണ് പിടിയിലായത്. ഇക്കൂട്ടത്തില്‍ 9,479 പേര്‍ ഇഖാമ നിയമ ലംഘകരും 3,763 പേര്‍ നുഴഞ്ഞുകയറ്റക്കാരും 1,430 തൊഴില്‍ നിയമ ലംഘകരുമാണ്.
ഇക്കാലയളവില്‍ അതിര്‍ത്തികള്‍ വഴി സൗദിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച 996 പേരെയും സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. ഇക്കൂട്ടത്തില്‍ 33 ശതമാനം പേര്‍ യെമനികളും 64 ശതമാനം പേര്‍ എത്യോപ്യക്കാരും മൂന്നു ശതമാനം പേര്‍ മറ്റു രാജ്യക്കാരാണ്. ഒരാഴ്ചക്കിടെ അതിര്‍ത്തികള്‍ വഴി അനധികൃത രീതിയില്‍ രാജ്യം വിടാന്‍ ശ്രമിച്ച 37 പേരും ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും താമസ, യാത്രാ സൗകര്യങ്ങളും ജോലിയും നല്‍കിയ ആറു പേരും അറസ്റ്റിലായി.
നിലവില്‍ വിവിധ പ്രവിശ്യകളിലെ ഡീപോര്‍ട്ടേഷന്‍ സെന്ററുകളില്‍ കഴിയുന്ന 58,902 പേര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നു. ഇക്കൂട്ടത്തില്‍ 54,551 പേര്‍ പുരുഷന്മാരും 4,351 പേര്‍ വനിതകളുമാണ്. ഒരാഴ്ചക്കിടെ 8,766 നിയമ ലംഘകരെ സൗദിയില്‍ നിന്ന് നാടുകടത്തി. സ്വദേശങ്ങളിലേക്ക് നാടുകടത്തുന്നതിനു മുന്നോടിയായി 2,861 പേര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുന്നു. യാത്രാ രേഖകളില്ലാത്ത 52,073 പേര്‍ക്ക് താല്‍ക്കാലിക പാസ്‌പോര്‍ട്ടുകള്‍ സംഘടിപ്പിക്കാന്‍ എംബസികളുമായും കോണ്‍സുലേറ്റുകളുമായും സഹകരിക്കുന്നതായും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
സൗദിയില്‍ നുഴഞ്ഞുകയറാന്‍ നിയമ ലംഘകരെ സഹായിക്കുന്നവര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്ക് യാത്രാ, താമസ സൗകര്യങ്ങളും ജോലിയും നല്‍കുന്നവര്‍ക്കും 15 വര്‍ഷം വരെ തടവും പത്തു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. നുഴഞ്ഞുകയറ്റക്കാര്‍ക്ക് യാത്രാ സൗകര്യം നല്‍കാന്‍ ഉപയോഗിക്കുന്ന വാഹനങ്ങളും താമസ സൗകര്യം നല്‍കാന്‍ ഉപയോഗിക്കുന്ന പാര്‍പ്പിടങ്ങളും കണ്ടുകെട്ടുകയും ചെയ്യും.
ഇഖാമ, തൊഴില്‍ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും ഇത്തരക്കാര്‍ക്ക് സഹായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നവരെയും കുറിച്ച് മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറില്‍ ബന്ധപ്പെട്ടും മറ്റു പ്രവിശ്യകളില്‍ 999, 996 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടും എല്ലാവരും അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
