മദീന: മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം മിഡിലീസ്റ്റിലെ ഏറ്റവും മികച്ച പ്രാദേശിക വിമാനത്താവളമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2024 ഏപ്രിൽ 17ന് ജർമനിയിലെ ഫ്രാങ്ക്ഫുർട്ടിൽ നടന്ന സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡ് ചടങ്ങിലാണിത്. മൂന്നാം തവണയാണ് മദീന വിമാനത്താവളം മിഡിലീസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളമായി തിരഞ്ഞെടുക്കപ്പെടുന്നത്. 2020,2021 വർഷങ്ങളിലും ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. വിമാനത്താവള മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട അവാർഡുകളിലൊന്നായാണ് ഈ അവാർഡിനെ കണക്കാക്കപ്പെടുന്നത്. വിമാനത്താവളങ്ങളിലെ ഉപഭോക്തൃ സംതൃപ്തി സർവേ പ്രകാരം നടന്ന വോട്ടിലൂടെയാണ് അവാർഡ് നൽകുന്നത്.
ലോകമെമ്പാടുമുള്ള 550 ലധികം വിമാനത്താവളങ്ങളാണ് ഇതിൽ പങ്കെടുത്തത്. യാത്രക്കാർക്ക് വിശിഷ്ടമായ യാത്രാനുഭവം നൽകുന്നതിൽ മദീന വിമാനത്താവളത്തിലെ സേവനങ്ങൾക്കുള്ള അംഗീകാരം പ്രതിഫലിപ്പിക്കുന്നതാണിത്. ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിൽ ഒന്നായി അതിന്റെ സ്ഥാനം ഉയർത്തുന്നു. മദീന വിമാനത്താവളത്തിന് സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡ് ലഭിച്ചതിലും ഉപഭോക്താക്കൾ മിഡിലീസ്റ്റിലെ ഏറ്റവും മികച്ച പ്രാദേശിക വിമാനത്താവളമായി വോട്ട് ചെയ്തതിലും അഭിമാനമുണ്ടെന്ന് മദീന വിമാനത്താവള ഓപറേറ്റിങ് കമ്പനി സി.ഇ.ഒ എൻജിനീയർ സുഫ്യാൻ അബ്ദുൽ സലാം പറഞ്ഞു. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ മേൽനോട്ടത്തിൽ മദീന വിമാനത്താവള ഓപറേറ്റിങ് കമ്പനിയിലെ ജീവനക്കാരുടെയും വിമാനത്താവളവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ പങ്കാളികളുടെയും ശ്രമങ്ങളെ ഇത് പ്രതിഫലിപ്പിക്കുന്നുവെന്നും സി.ഇ.ഒ പറഞ്ഞു. മികച്ച അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഇടംനേടിയ മദീന വിമാനത്താവളത്തിന് നിരവധി അന്തർദേശീയ, പ്രാദേശിക അവാർഡുകളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ലോകത്തിലെ മികച്ച നൂറ് വിമാനത്താവളങ്ങളുടെ പട്ടികയിൽ മദീന വിമാനത്താവള 50ാം സ്ഥാനത്താണ്.