ജിദ്ദ – സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ബസുകളുടെയും ട്രക്കുകളുടെയും ഭാഗത്തുള്ള നിയമ ലംഘനങ്ങള്‍ ഓട്ടോമാറ്റിക് രീതിയില്‍ നിരീക്ഷിച്ച് കണ്ടെത്തി പിഴ ചുമത്തുന്ന സംവിധാനം അടുത്ത ഞായറാഴ്ച മുതല്‍ നടപ്പാക്കി തുടങ്ങുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി അറിയിച്ചു. ചരക്ക് നീക്ക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ട്രക്കുകള്‍, വാടകക്ക് നല്‍കുന്ന ലോറികള്‍, അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്ന ബസുകള്‍, വാടകക്ക് നല്‍കുന്ന ബസുകള്‍ എന്നിവയുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളാണ് ഓട്ടോമാറ്റിക് രീതിയില്‍ കണ്ടെത്തി രജിസ്റ്റര്‍ ചെയ്ത് പിഴ ചുമത്തുക. ഓപ്പറേറ്റിംഗ് കാര്‍ഡ് നേടാതെ ബസുകളും ലോറികളും പ്രവര്‍ത്തിപ്പിക്കല്‍, കാലാവധി തീര്‍ന്ന ഓപ്പറേറ്റിംഗ് കാര്‍ഡ് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കല്‍, നിശ്ചിത പ്രവര്‍ത്തന കാലാവധി അവസാനിച്ച ബസുകള്‍ സര്‍വീസിന് ഉപയോഗിക്കല്‍ എന്നീ നിയമ ലംഘനങ്ങളാണ് ഓട്ടോമാറ്റിക് രീതിയില്‍ കണ്ടെത്തി രജിസ്റ്റര്‍ ചെയ്യുന്നത്.
ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റിയുടെ അധികാര പരിധിയില്‍ വരുന്ന, വാഹനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങള്‍ ഓട്ടോമാറ്റിക് രീതിയില്‍ നിരീക്ഷിച്ച് കണ്ടെത്തി പിഴ ചുമത്തുന്ന സംവിധാനം മൂന്നു ഘട്ടമായി നടപ്പാക്കാന്‍ അതോറിറ്റി നേരത്തെ തീരുമാനിച്ചിരുന്നു. ഇതുപ്രകാരം 2022 മാര്‍ച്ച് 13 ന് നിലവില്‍വന്ന ആദ്യ ഘട്ടത്തില്‍ ടാക്‌സി കാറുകളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളാണ് ഓട്ടോമാറ്റിക് രീതിയില്‍ നിരീക്ഷിക്കാന്‍ തുടങ്ങിയത്. 2023 ഫെബ്രുവരി ഒന്നു മുതല്‍ സ്‌കൂള്‍ ബസുകളും പദ്ധതി പരിധിയിലാക്കി. 2024 ഏപ്രില്‍ 21 മുതല്‍ പ്രാബല്യത്തില്‍ വരുന്ന മൂന്നാം ഘട്ടത്തില്‍ ലോറികള്‍ക്കും ബസുകള്‍ക്കുമാണ് പദ്ധതി ബാധകമാക്കുന്നത്.
ബസുകളുടെയും ലോറികളുടെയും ഭാഗത്തുള്ള നിയമ ലംഘനങ്ങള്‍ ഓട്ടോമാറ്റിക് രീതിയില്‍ നിരീക്ഷിച്ച് കണ്ടെത്തി പിഴ ചുമത്തുന്നത് പൊതുജന സുരക്ഷ കാത്തുസൂക്ഷിക്കാനും ഗതാഗത സുരക്ഷ വര്‍ധിപ്പിക്കാനും ഗുണനിലവാരവും നിയമപാലന തോതും മെച്ചപ്പെടുത്താനും ദേശീയ ഗതാഗത, ലോജിസ്റ്റിക് സര്‍വീസ് തന്ത്രം ലക്ഷ്യങ്ങള്‍ കൈവരിക്കാനും ബസുകളും ട്രക്കുകളും സാങ്കേതിക വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സഹായിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പറഞ്ഞു.