ജിദ്ദ – ഈ വര്‍ഷം ആദ്യ പാദത്തില്‍ ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം നടത്തിയ റെയ്ഡുകളില്‍ 248 ബിനാമി ബിസിനസ് കേസുകള്‍ കണ്ടെത്തി. അന്വേഷണം നടത്തി ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ നിയമ ലംഘകരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. ബിനാമി ബിസിനസ് സംശയിച്ച് വിവിധ പ്രവിശ്യകളിലെ 12,229 സ്ഥാപനങ്ങളിലാണ് ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം ഉദ്യോഗസ്ഥര്‍ മൂന്നു മാസത്തിനിടെ പരിശോധനകള്‍ നടത്തിയത്. ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍, റെസ്റ്റോറന്റുകള്‍, ജനറല്‍ കോണ്‍ട്രാക്ടിംഗ് സ്ഥാപനങ്ങള്‍, കാര്‍ വര്‍ക്ക്‌ഷോപ്പുകള്‍, ട്രാവല്‍ ഏജന്‍സികള്‍, ടൈലറിംഗ് ഷോപ്പുകള്‍, ഫാര്‍മസികള്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തി.
ബിനാമി ബിസിനസ് കേസ് പ്രതികള്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും 50 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. നിയമ വിരുദ്ധമായി സമ്പാദിച്ച ധനം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കണ്ടുകെട്ടുകയും ചെയ്യും. സ്ഥാപനം അടച്ചുപൂട്ടല്‍, ലൈസന്‍സും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനും റദ്ദാക്കല്‍, ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് കുറ്റക്കാരായ സൗദികള്‍ക്ക് വിലക്കേര്‍പ്പെടുത്തല്‍, കുറ്റക്കാരായ വിദേശികളെ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം സൗദിയില്‍ നിന്ന് നാടുകടത്തല്‍, തൊഴില്‍ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തല്‍ എന്നീ ശിക്ഷകളും കുറ്റക്കാര്‍ക്ക് ലഭിക്കും.