ജിദ്ദ – നിയമ ലംഘനങ്ങള്‍ നടത്തുന്ന ബഹുരാഷ്ട്ര കമ്പനികളുടെ റീജ്യനല്‍ ആസ്ഥാനങ്ങള്‍ക്കുള്ള നികുതിയിളവ് നിര്‍ത്തിവെക്കുമെന്ന് സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി. സൗദിയില്‍ റീജ്യനല്‍ ആസ്ഥാനങ്ങള്‍ തുറക്കുന്ന ബഹുരാഷ്ട്ര കമ്പനികള്‍ക്ക് 30 വര്‍ഷത്തേക്ക് നികുതിയിളവ് നല്‍കുമെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് ആദ്യ തവണ നോട്ടീസ് നല്‍കും. നോട്ടീസ് നല്‍കിയ ശേഷം നിയമ ലംഘനം അവസാനിപ്പിച്ച് പദവി ശരിയാക്കാന്‍ 90 ദിവസത്തെ സാവകാശം അനുവദിക്കും. ഇതിനകം നിയമ ലംഘനം അവസാനിപ്പിക്കാത്ത പക്ഷം ഒരു ലക്ഷം റിയാല്‍ പിഴ ചുമത്തും. ഇതിനു ശേഷം 90 ദിവസത്തികം നിയമ ലംഘനം അവസാനിപ്പിച്ച് പദവി ശരിയാക്കാതിരിക്കല്‍, മൂന്നു വര്‍ഷത്തിനുള്ളില്‍ അതേ നിയമ ലംഘനം ആവര്‍ത്തിക്കല്‍ എന്നീ നിയമ ലംഘനങ്ങള്‍ക്ക് നാലു ലക്ഷം റിയാല്‍ പിഴ ചുമത്തും. പിഴ ചുമത്തി 90 ദിവസത്തിനകം പദവി ശരിയാക്കിയിരിക്കണം. ഇതിനു ശേഷവും നിയമ ലംഘനം തുടരുന്ന സ്ഥാപനങ്ങള്‍ക്കാണ് നികുതിയിളവ് ആനുകൂല്യം നിര്‍ത്തിവെക്കുക.
ഇന്‍കം ടാക്സ് നിയമത്തിലെ 60-ാം വകുപ്പ് പ്രകാരം റിട്ടേണ്‍ സമര്‍പ്പിക്കാതിരുന്നാല്‍ നികുതി ബാധകമായ ആകെ വരുമാനത്തിന്റെ ഒരു ശതമാനത്തിന് തുല്യമായ തുക, 20,000 റിയാലില്‍ കവിയാത്ത നിലക്ക് പിഴ ചുമത്തും. നിയമാനുസൃത സമയത്ത് റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്ക് അഞ്ചു ശതമാനം പിഴ ചുമത്തും. നികുതി അടക്കാന്‍ 30 ദിവസം കാലതാമസം വരുത്തുന്നവര്‍ക്ക് 10 ശതമാനവും 90 ദിവസം കാലതാമസം വരുത്തുന്നവര്‍ക്ക് 20 ശതമാനവും 365 ദിവസം കാലതാമസം വരുത്തുന്നവര്‍ക്ക് 25 ശതമാനവും തോതില്‍ പിഴ ചുമത്തും.
തെറ്റായ റിട്ടേണ്‍ സമര്‍പ്പിക്കല്‍, അതോറിറ്റിക്കു സമര്‍പ്പിച്ച ശേഷം റിട്ടേണില്‍ തിരുത്തല്‍ വരുത്തല്‍, നികുതി കണക്കാക്കുന്നതില്‍ പിഴവ് വരാന്‍ ഇടയാക്കുന്ന രേഖകള്‍ സമര്‍പ്പിക്കല്‍ എന്നീ നിയമ ലംഘനങ്ങള്‍ക്ക് കണക്കാക്കിയ നികുതിയും നിയമാനുസൃതം അടക്കേണ്ട നികുതിയും തമ്മിലുള്ള അന്തരത്തിന്റെ 50 ശതമാനത്തിന് തുല്യമായ തുക പിഴ ചുമത്തും.
പരിശോധനക്കെത്തുന്ന സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി ഉദ്യോഗസ്ഥനുമായി സഹകരിക്കാന്‍ വിസമ്മതിക്കുന്നതിന് 3,000 റിയാലും നികുതി ഇന്‍വോയ്സുകളും രേഖകളും അക്കൗണ്ടിംഗ് രേഖകളും നിയമാവലി അനുശാസിക്കുന്ന കാലയളവിലുടനീളം സൂക്ഷിക്കാതിരിക്കുന്നതിന് 50,000 റിയാലും പിഴ ചുമത്തുമെന്നും സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി പറഞ്ഞു.