നെടുമ്പാശ്ശേരി: കൊച്ചിയിൽ നിന്ന് യു.എ.ഇയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി. യു.എ.ഇയിലെ മഴയെ തുടർന്നാണ് സർവീസുകൾ റദ്ദാക്കിയത്. ഫ്ലൈ ദുബൈയുടെയും എമിറേറ്റ്സ് എയർലൈൻസിന്റെയും കൊച്ചി – ദുബൈ സർവീസ്, ഇൻഡിഗോയുടെ കൊച്ചി – ദോഹ സർവീസ്, എയർ അറേബ്യയുടെ കൊച്ചി – ഷാർജ സർവീസ്, കൊച്ചി-ദോഹ സർവീസും റദ്ദാക്കിയിട്ടുണ്ട്.
യാത്ര പുറപ്പെടുന്നതിന് മുൻപ് അതാത് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സമയം ഉറപ്പാക്കണമെന്ന് അറിയിച്ചിട്ടുണ്ട്. വിമാന കമ്പനികളുടെ വെബ്സൈറ്റിലും പുതിയ വിവരങ്ങൾ ലഭിക്കും.
ഇന്നലെ ദുബൈ വിമാനത്താവളത്തിൽ ഇറങ്ങേണ്ട മുഴുവൻ വിമാനങ്ങളും മറ്റ് വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടിരുന്നു. ചൊവ്വാഴ്ച പുലർച്ചെ മുതൽ വൈകിട്ട് വരെ പുറപ്പെടേണ്ട 21 വിമാനങ്ങളും ഇറങ്ങേണ്ട 24 വിമാനങ്ങളുമാണ് റദ്ദാക്കിയത്. മൂന്ന് വിമാനങ്ങൾ മറ്റു വിമാനത്താവളങ്ങളിലേക്ക തിരിച്ചുവിടുകയും ചെയ്തു.
യു.എ.ഇയിൽ തിങ്കളാഴ്ച വൈകീട്ട് ആരംഭിച്ച കനത്തമഴ തുടരുകയാണ്. പല ഭാഗങ്ങളിലും ഇടിമിന്നലിന്‍റെയും ആലിപ്പഴ വർഷത്തിന്‍റെയും അകമ്പടിയോടെയാണ് മഴയെത്തിയത്. ദുബൈ, ഷാർജ, അജ്മാൻ, റാസൽഖൈമ തുടങ്ങി മിക്ക നഗരങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്.
ദുബൈ മെട്രോ, ബസ്, ടാക്സി സർവിസുകളെയും ചില സ്ഥലങ്ങളിൽ മഴ ബാധിച്ചു. അതേസമയം, യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് ദുബൈ മെട്രോ പുലർച്ച മൂന്നുവരെ സർവിസ് നടത്തുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.