ജിദ്ദ – ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ചുമത്തപ്പെട്ട പിഴകളില്‍ 50 ശതമാനം ഇളവ് ലഭിക്കാന്‍ പ്രത്യേക അപേക്ഷ നല്‍കുകയോ ഏതെങ്കിലും വെബ്‌സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുകയോ ട്രാഫിക് ഡയറക്ടറേറ്റ് ആസ്ഥാനങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കുകയോ ചെയ്യേണ്ടതില്ലെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. പെയ്‌മെന്റ് സംവിധാനമായ സദ്ദാദിലും ഈഫാ പ്ലാറ്റ്‌ഫോമിലും ഏപ്രില്‍ 18 മുതല്‍ ഒക്‌ടോബര്‍ 18 വരെയുള്ള കാലത്ത് പിഴയിളവ് ഓട്ടോമാറ്റിക് ആയി പ്രത്യക്ഷപ്പെടും. ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ അടച്ചുനല്‍കുമെന്ന് വാദിക്കുന്ന ലിങ്കുകള്‍ക്കും ടെലിഫോണ്‍ കോളുകള്‍ക്കുമെതിരെ ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി.
ഈ മാസം അഞ്ചിനാണ് ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴകളില്‍ ആഭ്യന്തര മന്ത്രാലയം 50 ശതമാനം ഇളവ് പ്രഖ്യാപിച്ചത്. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നിര്‍ദേശാനുസരണമാണ് 2024 ഏപ്രില്‍ പതിനെട്ടിനു മുമ്പ് രജിസ്റ്റര്‍ ചെയ്തതോ ചെയ്യുന്നതോ ആയ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകളില്‍ ആഭ്യന്തര മന്ത്രാലയം 50 ശതമാനം ഇളവ് പ്രഖ്യാപിച്ചത്. ഇളവ് ആനുകൂല്യം ലഭിക്കാന്‍ ഏപ്രില്‍ 18 നു മുമ്പ് ചുമത്തിയതും ചുമത്തുന്നതുമായ മുഴുവന്‍ പിഴകളും ആറു മാസത്തിനകം അടച്ചിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. മുഴുവന്‍ പിഴകളും ഒന്നിച്ചോ ഓരോ നിയമ ലംഘനങ്ങള്‍ക്കുമുള്ള പിഴകള്‍ പ്രത്യേകം പ്രത്യേകമായോ അടക്കാവുന്നതാണ്. ഇളവ് ആനുകൂല്യം ലഭിക്കാന്‍ പൊതുസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ നിയമ ലംഘനങ്ങള്‍ നടത്താന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്.
ട്രാഫിക് പിഴകളില്‍ ഇളവ് പ്രഖ്യാപിച്ച ശേഷം നടത്തുന്ന ഗതാഗത നിയമ ലംഘനങ്ങളില്‍ ട്രാഫിക് നിയമത്തിലെ 75-ാം വകുപ്പ് പ്രകാരം 25 ശതമാനം വരെ പിഴയിളവ് അനുവദിക്കും. ഗതാഗത നിയമ ലംഘനം രജിസ്റ്റര്‍ ചെയ്തതില്‍ അപ്പീല്‍ നല്‍കാനും പിഴ അടക്കാനുമുള്ള നിയമാനുസൃത സമയപരിധി അവസാനിച്ച ശേഷം ഇത്തരക്കാരുടെ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്ത് പിഴ വസൂലാക്കും. വാഹനാഭ്യാസ പ്രകടനം, മദ്യലഹരിയില്‍ വാഹനമോടിക്കല്‍, പരമാവധി വേഗം 120 കിലോമീറ്ററും അതില്‍ കുറവുമായി നിശ്ചയിച്ച റോഡുകളില്‍ പരമാധി വേഗത്തിലും 50 കിലോമീറ്റര്‍ കൂടുതല്‍ വേഗതയില്‍ വാഹനമോടിക്കല്‍, പരമാവധി വേഗം 140 കിലോമീറ്ററും അതില്‍ കുറവുമായി നിശ്ചയിച്ച റോഡുകളില്‍ പരമാധി വേഗത്തിലും 30 കിലോമീറ്റര്‍ കൂടുതല്‍ വേഗതയില്‍ വാഹനമോടിക്കല്‍ എന്നീ നിയമ ലംഘനങ്ങള്‍ ഇളവ് കാലയളവില്‍ നടത്തുന്നവര്‍ക്ക് പിഴയിളവ് ആനുകൂല്യം ലഭിക്കില്ല.
ഏപ്രില്‍ 18 മുതല്‍ ഒക്‌ടോബര്‍ 18 വരെയുള്ള കാലത്താണ് ഇളവുകളോടെ പിഴകള്‍ അടക്കേണ്ടത്. ഈ സമയത്തിനകം ഇളവ് പ്രയോജനപ്പെടുത്തി പിഴകള്‍ അടക്കാത്ത പക്ഷം പിഴകള്‍ അതേപോലെ പൂര്‍ണ തോതില്‍ ശേഷിക്കുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്.