ജിദ്ദ: രാജ്യത്തിന് പുറത്ത് നിന്ന് വരുന്ന ഉംറ തീർഥാടകർ ദുൽഖഅദ് 15 (മെയ് 23) ഓട് കൂടെ സൗദി വിടണമെന്ന ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ കഴിഞ്ഞ ദിവസത്തെ മറുപടിയിൽ മാറ്റം.
സൗദി വിടേണ്ട അവസാന സമയ പരിധി സംബന്ധിച്ച് ഇന്ന് മന്ത്രാലയം നൽകിയ മറുപടിയിൽ ഉംറക്കാർ ദുൽഖഅദ് 29 ഓട് കൂടെ (ജൂൺ 6) സൗദി വിടണം എന്നാണ് അറിയിച്ചിട്ടുള്ളത്.
സൗദിയിൽ പ്രവേശിച്ച് 3 മാസം അല്ലെങ്കിൽ ദുൽ ഖഅദ് 29 (ജൂൺ 6) , ഇതിൽ ഏതാണോ ആദ്യം എത്തുന്നത് അതായിരിക്കും ഉംറക്കാർക്ക് സൗദി വിടാനുള്ള സമയ പരിധി എന്ന് മന്ത്രാലയം നേരത്തെ ഓർമ്മപ്പെടുത്തിയത് ആണ് ഇപ്പോൾ ആവർത്തിച്ചിട്ടുള്ളത്. ഭ്
ഇതിന് പുറമെ ഉംറ വിസ ഇഷ്യു ചെയ്ത ദിവസം മുതൽ മൂന്ന് മാസത്തെ വിസാ കാലാവധി കണക്കാക്കാൻ തുടങ്ങും എന്ന കഴിഞ്ഞ ദിവസത്തെ മറുപടിയിലും മന്ത്രാലയം ഇന്ന് മാറ്റം വരുത്തിയിട്ടുണ്ട്.
സൗദിയിൽ പ്രവേശിച്ചത് മുതൽ മൂന്ന് മാസം അല്ലെങ്കിൽ ദുൽ ഖഅദ് 29 ആണ് ഉംറ വിസയുടെ കാലാവധി എന്നാണ് മന്ത്രാലയം ഇന്നത്തെ പ്രസ്താവനയിൽ മറുപടി പറഞ്ഞിട്ടുള്ളത്.
ചുരുക്കത്തിൽ, ഇന്നത്തെ പ്രസ്താവന പ്രകാരം ഉംറ വിസയിൽ സൗദിയിലെത്തിയ ഒരാൾക്ക് ജൂൺ 6 ഓട് കൂടെ സൗദിയിൽ നിന്ന് പുറത്ത് പോയാൽ മതി എന്ന് തന്നെയാണ് മനസ്സിലാകുന്നത്.
അതേ സമയം, ദുൽ ഖഅദ് 15 അഥവാ മെയ് 23 എന്ന തീയതി, ഉംറ വിസ ഇഷ്യു ചെയ്ത ഒരാൾക്ക് സൗദിയിലേക്ക് പ്രവേശിക്കാനുള്ള അവസാന തീയതിയാണെന്ന് ഇലകട്രോണിക് ഉംറ വിസകൾ പരിശോധിക്കുമ്പോൾ മനസ്സിലാകുന്നുണ്ട്.
ഏതായാലും മന്ത്രാലയത്തിന്റെ ഇന്നത്തെ പ്രസ്താവന പ്രവാസികൾക്കും ഉംറക്കെത്തിയ അവരുടെ ബന്ധുക്കൾക്കും സ്വന്തം നിലയിൽ ഉംറക്കെത്തിയവർക്കും വലിയ ആശ്വാസമാണ് നൽകുന്നത്. കാരണം. പലരും ജൂൺ 6 നോട് അടുപ്പിച്ചാണ് നാട്ടിലേക്ക് മടക്ക ടികറ്റ് ബുക്ക് ചെയ്തിരുന്നത്. ഇന്നത്തെ മറുപടി പ്രകാരം പ്രസ്തുത ടിക്കറ്റിൽ മാറ്റം വരുത്തേണ്ടി വരില്ല എന്ന് ഉറപ്പിക്കാം.