ദുബൈ: അപകടകരവും കേടായതും ഹാനികരവുമായ ഉൽപന്നങ്ങൾ രാജ്യത്തെ വിപണിയിൽ നിന്ന് പിൻവലിക്കാൻ ഉപഭോക്താവിന് അപേക്ഷിക്കാം. ആദ്യമായാണ് ഇത്തരമൊരു അവകാശം ഉപഭോക്താവിന് സാമ്പത്തിക മന്ത്രാലയം അനുവദിച്ചിരിക്കുന്നത്. നേരത്തെ ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നവർക്കും ബന്ധപ്പെട്ടവർക്കുമാണ് ഇത്തരം അപേക്ഷ സമർപ്പിക്കാനുള്ള അവകാശം നൽകിയിരുന്നത്. സാമ്പത്തിക മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് വഴിയും ആപ്ലിക്കേഷൻ വഴിയും ഈ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ലോഗ് ഇൻ ചെയ്ത ശേഷം പിൻവലിക്കേണ്ട ഉൽപന്നത്തെ സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കണം. പിന്നീട് സാധനം പിൻവലിച്ചാൽ ഇത് പ്രസിദ്ധീകരിക്കുകയും ചെയ്യും.അപേക്ഷ സമർപ്പിക്കുന്നതിന് ഫീ അടക്കേണ്ടതില്ല. ഏത് സമയത്തും സമർപ്പിക്കാമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഉപഭോക്തൃ സംരക്ഷണ വകുപ്പിന്‍റെ മേൽനോട്ടത്തിൽ രാജ്യത്തെ ഉൽപന്ന നിർമാതാക്കളുമായും ഏജന്‍റുമാരുമായും സഹകരിച്ചാണ് ഈ സേവനം നടപ്പിലാക്കുന്നത്. ഉപഭോക്താക്കളുടെ ആരോഗ്യം, സുരക്ഷ, അവകാശങ്ങൾ എന്നിവ സംരക്ഷിക്കുക, ചില്ലറ വ്യാപാരികളുടെയും നിർമാതാക്കളുടെയും അവകാശങ്ങൾ ഉറപ്പാക്കുക, വിപണി സ്ഥിരത നിലനിർത്തുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പിൻവലിച്ച സാധനങ്ങളും മാനദണ്ഡങ്ങൾ പാലിക്കാത്ത സാധനങ്ങളും ഏതൊക്കെയെന്ന് മനസ്സിലാക്കാനും വെബ്സൈറ്റ് വഴി സാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. പിൻവലിക്കാൻ അപേക്ഷിക്കുന്ന ഉൽപന്നം രാജ്യത്തെ വിപണികളിൽ ലഭ്യമല്ലെങ്കിൽ ഇക്കാര്യം അറിയിക്കുന്ന സന്ദേശം നൽകും. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് കർശന നിയമങ്ങൾ രാജ്യത്തുണ്ട്. ഇതിനൊപ്പം ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താനും നിരവധി പദ്ധതികൾ അധികൃതർ നടപ്പിലാക്കുന്നുണ്ട്. ഉപഭോക്താക്കൾക്ക് ഉൽപന്നങ്ങൾ പിൻവലിക്കാൻ അനുവാദം നൽകിയത് ഗുണമേന്മ ഉറപ്പിക്കാൻ വലിയ രീതിയിൽ സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.