ദുബൈ: മെട്രോ റെഡ് ലൈനിൽ യു.എ.ഇ എക്സ്ചേഞ്ച് ഭാഗത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവർ ജബൽഅലി സ്റ്റേഷനിൽ നിന്ന് തിങ്കളാഴ്ച മുതൽ മാറിക്കയറേണ്ടതില്ല. ട്രെയിനുകൾക്ക് യു.എ.ഇ എക്സ്ചേഞ്ച് ഭാഗത്തേക്കും എക്സ്പോ 2020 ഭാഗത്തേക്കും വ്യത്യസ്ത സർവിസുകളുണ്ടാകും. ഇബ്ൻ ബത്തൂത്ത വഴി യു.എ.ഇ എക്സ്ചേഞ്ച് ഭാഗത്തേക്ക് യാത്ര ചെയ്യേണ്ടവർക്ക്, യു.എ.ഇ എക്സ്ചേഞ്ചിലേക്ക് നേരിട്ടും ദ ഗാർഡൻസ് വഴി എക്സ്പോ 2020ലേക്ക് യാത്ര ചെയ്യേണ്ടവർക്ക് നേരിട്ടും സർവിസുകളുണ്ടാകും. ജബൽ അലി സ്റ്റേഷനിൽ ‘വൈ’ ജങ്ഷൻ രൂപപ്പെടുത്തിയാണ് യാത്ര എളുപ്പമാക്കിയിരിക്കുന്നത്. മെട്രോയുടെ റെഡ് പാതയിൽ തടസ്സമില്ലാത്ത യാത്രക്ക് സൗകര്യമൊരുക്കുന്നതാണ് പദ്ധതി.
ദുബൈ മെട്രോ ഓപറേറ്റർമാരായ കിയോലിസ് കമ്പനിയുമായി സഹകരിച്ച് ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയാണ് പുതിയ രീതി നടപ്പിലാക്കുക. റെഡ് ലൈനിലൂടെ പോകുന്ന ട്രെയിനുകൾ പദ്ധതി നടപ്പാകുന്നതോടെ ഇടവിട്ട സമയങ്ങളിൽ യു.എ.ഇ എക്സ്ചേഞ്ച് ഭാഗത്തേക്കും എക്സ്പോ 2020 ഭാഗത്തേക്കും സർവിസ് നടത്തും. അതോടൊപ്പം യു.എ.ഇ എക്സ്ചേഞ്ച് സ്റ്റേഷനിൽ നിന്നും എക്സ്പോ 2020 സ്റ്റേഷനിൽ നിന്നും ആരംഭിക്കുന്ന ട്രെയിനുകൾ തടസമില്ലാതെ സെന്‍റർ പോയൻറ് സ്റ്റേഷനിലേക്ക് സഞ്ചരിക്കും. യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറക്കുന്നതിനൊപ്പം ജബൽ അലി സ്റ്റേഷനിലെ ജനത്തിരക്ക് കുറക്കാനും പദ്ധതി ഉപകാരപ്പെടും. പദ്ധതി നടപ്പാക്കുന്നതിന് മുമ്പും ശേഷവും സ്റ്റേഷനുകളിൽ പുതിയ മാറ്റം യാത്രക്കാരെ പഠിപ്പിക്കുന്നതിന് പ്രത്യേകം ജീവനക്കാരെ നിയമിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.