ജിദ്ദ: വീടുകളിലെയും വിശ്രമകേന്ദ്രങ്ങളിലെയും നീന്തൽക്കുളങ്ങളിലെ അപകടങ്ങളെക്കുറിച്ച് സിവിൽ ഡിഫൻസിന്റെ മുന്നറിയിപ്പ്. കുട്ടികൾ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താൻ കുടുംബങ്ങളോട് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.
പെരുന്നാൾ അവധിയിൽ താമസക്കാരും പൗരന്മാരും പതിവായി എത്തുന്ന നീന്തൽക്കുളങ്ങിലെ അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണിത്.
ലൈഫ് ജാക്കറ്റുകൾ, സ്ലിപ്പ് അല്ലാത്ത ഫ്ലോറിങ് തുടങ്ങിയ സുരക്ഷ നൽകണം. കുട്ടികളെ നീന്തൽക്കുളങ്ങളിൽ ഒറ്റക്ക് വിടരുത്. ഒറ്റക്ക് അകത്ത് കടക്കാതിരിക്കാൻ വേലി കെട്ടണം.
ആളുകൾക്ക് കയറാനും ഇറങ്ങാനും സൗകര്യമൊരുക്കാൻ കുളത്തിന്റെ കോണുകളിൽ അടിയിലേക്ക് പടികൾ സ്ഥാപിക്കണം. ഏതെങ്കിലും വസ്തു കുളത്തിൽ വീഴുമ്പോൾ മുന്നറിയിപ്പ് നൽകാൻ അലാറം ഉപകരണങ്ങൾ സ്ഥാപിക്കണമെന്നും സിവിൽ ഡിഫൻസ് പറഞ്ഞു. എല്ലാവരും സുരക്ഷാ നിർദേശങ്ങൾ പാലിക്കണം. വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകളിലൂടെയും പ്രഖ്യാപിക്കുന്ന നിർദേശങ്ങൾ പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.