അബൂദബി: എമിറേറ്റിൽ ഡ്രോൺ ഉപയോഗം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിബന്ധനകൾ പുറത്തിറക്കി അബൂദബി അധികൃതർ. ഡിപ്പാർട്മെന്‍റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ട് (ഡി.എം.ടി) ആണ് ഭരണപരമായ നിബന്ധനകൾ പുറത്തിറക്കിയത്. ഡ്രോണുകളുടെ സുരക്ഷിതമായ ഉപയോഗം, നിയന്ത്രണം, നിരീക്ഷണം എന്നിവ ഉറപ്പാക്കുകയാണ് പുതിയ നിബന്ധനകളിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.ഡ്രോണുകളുമായി ബന്ധപ്പെട്ട സംവിധാനങ്ങളും നടപടിക്രമങ്ങളും മികച്ച നിലവാരത്തിലേക്ക് ഉയർത്തുകയും എമിറേറ്റിനെ ഡ്രോൺ വ്യവസായത്തിന്‍റെ കേന്ദ്രമാക്കി മാറ്റുകയുമാണ് ലക്ഷ്യം. അതോടൊപ്പം സ്മാർട്ട് ഗതാഗതം മെച്ചപ്പെടുത്താനും വ്യോമ മേഖലയിലെ നവീകരണത്തിനും ഡ്രോൺ മേഖലയിൽ നിക്ഷേപം ആകർഷിക്കാനുമാണ് ശ്രമം.
ഡ്രോണുകളുടെ നിർമാണം, രൂപകൽപന, കൂട്ടിയോജിപ്പിക്കൽ, നവീകരണം, പരിശോധന, അറ്റകുറ്റപ്പണികൾ അല്ലെങ്കിൽ വികസിപ്പിക്കൽ, പരിശീലനം, യോഗ്യത, ക്ലബുകൾ, അടിസ്ഥാന സൗകര്യ വികസനം, വിമാനത്താവളങ്ങൾ, ഇന്ധന സ്റ്റേഷനുകൾ, ഊർജം എന്നിവ ഉൾപ്പെടെ ഡ്രോൺ ഉപയോഗിച്ചുള്ള എല്ലാതരം പ്രവർത്തനങ്ങൾക്കും പുതിയ നിബന്ധനകൾ ബാധകമാണെന്ന് ഡി.എം.ടി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഫെഡറൽ നിയമങ്ങൾക്ക് കീഴിൽ നടത്തുന്ന പ്രവർത്തനങ്ങൾ ഒഴികെ ഫ്രീസോണുകളിലും പുതിയ നിബന്ധനകൾ ബാധകമാണ്. നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട മറ്റ് ഉത്തരവാദിത്തങ്ങളും ഡി.എം.ടി കൃത്യമായി നിർവചിക്കുന്നുണ്ട്.മേല്‍നോട്ടം, അനുമതി, സര്‍ട്ടിഫിക്കറ്റ് നല്‍കല്‍, ഡ്രോണ്‍ പറത്തല്‍ വ്യവസ്ഥകള്‍ക്കുള്ള നിയമങ്ങള്‍ സ്ഥാപിക്കല്‍, ഡ്രോണുകളുടെ ടേക്ക് ഓഫ്, ലാന്‍ഡിങ് ഇടങ്ങള്‍ക്കുള്ള മാനദണ്ഡങ്ങള്‍ എന്നിവയാണ് ഇവയില്‍ ഉള്‍പ്പെടുന്നത്. പ്രാദേശിക, ഫെഡറല്‍ അധികാരികളുമായി സഹകരിച്ച് വിമാനത്താവളങ്ങളും റണ്‍വേകളും പോലുള്ള പ്രത്യേക അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും ഇതിൽ ഉൾപ്പെടും.ഡ്രോണുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് വ്യക്തികളും സ്ഥാപനങ്ങളും അടങ്ങുന്ന ഡ്രോണ്‍ ഉടമകള്‍ക്കും ഓപറേറ്റര്‍മാര്‍ക്കുമായി ബോധവത്കരണ ശില്‍പശാലകളും ഡി.എം.ടി നടത്തും. അഡ്മിനിസ്‌ട്രേറ്റിവ് നിര്‍ദേശങ്ങള്‍, സിവില്‍ ഏവിയേഷന്‍ ചട്ടങ്ങള്‍, അബൂദബിയിലെ ഡ്രോണ്‍ സംവിധാനങ്ങളെ നിയന്ത്രിക്കുന്ന സാങ്കേതിക മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ ശിൽപശാലകളിൽ വിശദീകരിക്കും.