അബൂദബി: ഈദുല്‍ ഫിത്ര്‍ അവധി ദിനങ്ങളിൽ എമിറേറ്റിൽ സൗജന്യ പാര്‍ക്കിങ്, ടോള്‍ സൗകര്യങ്ങള്‍ പ്രഖ്യാപിച്ച് അബൂദബി നഗര, ഗതാഗത വകുപ്പിന് കീഴിലുള്ള സംയോജിത ഗതാഗത കേന്ദ്രം. ഏപ്രില്‍ എട്ട് മുതല്‍ ഏപ്രില്‍ 14 വരെയുള്ള സേവന സമയവും കേന്ദ്രം വ്യക്തമാക്കി. അവധി ദിനങ്ങളില്‍ പാര്‍ക്കിങ്ങും ടോള്‍ ഗേറ്റുകളും സൗജന്യമായി ഉപയോഗിക്കാവുന്നതാണ്. കസ്റ്റമര്‍ ഹാപ്പിനസ് കേന്ദ്രങ്ങള്‍ അവധി ദിവസം അടച്ചിടും. സംയോജിത ഗതാഗത കേന്ദ്രത്തിന്റെ വെബ്‌സൈറ്റ് വഴിയും ദര്‍ബ് വെബ്‌സൈറ്റും ആപ്പുകളും മുഖേനയോ താം പ്ലാറ്റ്‌ഫോം മുഖേനയോ സര്‍ക്കാറിന്റെ ഡിജിറ്റല്‍ സേവനങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്. നഗര, ഗതാഗത വകുപ്പിന്റെ ഏകീകൃത സേവന പിന്തുണാകേന്ദ്രത്തിനെ 800580 എന്ന നമ്പരിലോ അല്ലെങ്കില്‍ ടാക്‌സ് കോള്‍ സെന്ററിന്റെ 600535353 എന്ന നമ്പരിലോ വിളിച്ച് ഏതുസമയത്തും സഹായം തേടാവുന്നതുമാണ്.