മക്ക – ആയിരം മാസത്തേക്കാള്‍ പുണ്യം നിറഞ്ഞ ലൈലത്തുല്‍ഖദ്ര്‍ ആകാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കപ്പെടുന്ന ഇരുപത്തിയേഴാം രാവില്‍ വിശുദ്ധ ഹറമും മസ്ജിദുന്നബവിയും ജനസാഗരങ്ങളായി. വിശുദ്ധ ഹറമില്‍ തഹജ്ജുദ് (പാതിരാ) നമസ്‌കാരത്തില്‍ പങ്കെടുത്ത വിശ്വാസികളുടെ നിരകള്‍ ഹറമില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ ദൂരേക്ക് നീണ്ടു. തഹജ്ജുദ് നമസ്‌കാരത്തില്‍ 25 ലക്ഷത്തിലേറെ വിശ്വാസികള്‍ പങ്കെടുത്തതായാണ് കണക്ക്.
ഹറമിന്റെ നിലകളും ടെറസ്സും മുറ്റവും മൂന്നാം സൗദി വികസന ഭാഗവും അണ്ടര്‍ ഗ്രൗണ്ടും വളരെ നേരത്തെ തന്നെ നിറഞ്ഞുകവിഞ്ഞിരുന്നു. ഹറമിനു സമീപമുള്ള മുഴുവന്‍ റോഡുകളും തഹജ്ജുദ് നമസ്‌കാരത്തില്‍ പങ്കെടുത്ത വിശ്വാസികളാല്‍ നിറഞ്ഞുകവിഞ്ഞു. ഇതിന്റെ ആകാശദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. ഹറം മതകാര്യ വകുപ്പ് മേധാവിയും ഹറം ഇമാമും ഖത്തീബുമായ ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് തഹജ്ജുദ് നമസ്‌കാരത്തിലെ പ്രത്യേക പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. പാപമോചനം തേടിയുള്ള ഇമാമിന്റെ പ്രാര്‍ഥനയില്‍ വിശ്വാസികള്‍ അലിഞ്ഞുചേര്‍ന്നു. ഇരുപത്തിയേഴാം രാവില്‍ ഇശാ, തറാവീഹ് നമസ്‌കാരങ്ങളിലും വന്‍ തിരക്കാണ് ഹറമില്‍ അനുഭവപ്പെട്ടത്.
ലോകത്തിന്റെ നാനാദിക്കുകളില്‍ നിന്നുമെത്തിയ ലക്ഷക്കണക്കിന് ഉംറ തീര്‍ഥാടകര്‍ക്കു പുറമെ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആഭ്യന്തര തീര്‍ഥാടകരും ഹറമില്‍ ഒഴുകിയെത്തിയിരുന്നു. പെരുന്നാള്‍ അവധിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചതോടെ റമദാന്‍ അവസാന പത്ത് വിശുദ്ധ ഹറമില്‍ ചെലവഴിക്കാന്‍ നിരവധി സ്വദേശികള്‍ കുടുംബ സമേതം മക്കയിലെത്തിയിട്ടുണ്ട്. ഹറമിലെ കടുത്ത തിരക്ക് കണക്കിലെടുത്തും തിരക്ക് കുറക്കാന്‍ സഹകരിക്കാന്‍ ആവശ്യപ്പെട്ടും പൊതുസുരക്ഷാ വകുപ്പ് മൊബൈല്‍ ഫോണുകളിലേക്ക് അയച്ച എസ്.എം.എസ്സുകളിലൂടെ വിശ്വാസികളോട് തങ്ങള്‍ക്ക് സമീപമുള്ള പള്ളികളില്‍ വെച്ച് നമസ്‌കാരങ്ങള്‍ നിര്‍വഹിക്കാന്‍ നിര്‍ദേശിച്ചിരുന്നു.
കടുത്ത തിരക്ക് മുന്‍കൂട്ടി കണ്ട് സുരക്ഷാ വകുപ്പുകളും ഹറം പരിചരണ വകുപ്പും വലിയ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. ഇരുപത്തിയേഴാം രാവില്‍ മസ്ജിദുന്നബവിയിലും കടുത്ത തിരക്കാണ് അനുഭവപ്പെട്ടത്. പ്രവാചക പള്ളിയില്‍ തറാവീഹ്, തഹജ്ജുദ് നമസ്‌കാരങ്ങളില്‍ പത്തു ലക്ഷത്തോളം പേര്‍ പങ്കെടുത്തതായാണ് കണക്ക്. ശൈഖ് ഡോ. അബ് ദുല്ല അല്‍ഖറാഫി, ശൈഖ് ഡോ. അഹ് മദ് അല്‍ഹുദൈഫി എന്നിവര്‍ തഹജ്ജുദ് നമസ്‌കാരത്തിന് നേതൃത്വം നല്‍കി. വിശ്വാസികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ മദീന ഗവര്‍ണര്‍ സല്‍മാന്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍ നേരിട്ട് വിലയിരുത്തി.
മസ്ജിദുന്നബവിയിലെ സുരക്ഷാ കണ്‍ട്രോള്‍ റൂമും പ്രവാചക പള്ളിയിലെ വിവിധ ഭാഗങ്ങളും സന്ദര്‍ശിച്ച ഗവര്‍ണര്‍ക്കു മുന്നില്‍ സുരക്ഷാ ക്രമീകരണങ്ങളെയും ആള്‍ക്കൂട്ട നിയന്ത്രണത്തെയും കുറിച്ച് മദീന പ്രവിശ്യ പോലീസ് മേധാവി മേജര്‍ ജനറല്‍ യൂസുഫ് അല്‍സഹ്‌റാനി, മസ്ജിദുന്നബവി സുരക്ഷാ സേനാ കമാണ്ടര്‍ കേണല്‍ മിത്അബ് അല്‍ബദ്‌റാനി എന്നിവര്‍ വിശദീകരിച്ചു.