ജിദ്ദ: സൗദി വിമാനത്താവളങ്ങളിൽ ടാക്സി പെർമിറ്റില്ലാതെ യാത്രക്കാരെ കയറ്റിക്കൊണ്ടുപോയതിന് 648 പേരെ അറസ്റ്റ് ചെയ്തു. 582 കാറുകൾ പിടിച്ചെടുത്തതായും സൗദി ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. റമദാൻ 17 മുതൽ 23 വരെയുള്ള കാലയളവിലാണ് ഇത്രയും വ്യാജ ടാക്സികൾ പിടികൂടിയത്.
ആഭ്യന്തര മന്ത്രാലയത്തിന്റെയും അനുബന്ധ വകുപ്പുകളുടെയും സഹകരണത്തോടെ ഗതാഗതഅതോറിറ്റി നടത്തുന്ന തീവ്ര നിരീക്ഷണ കാമ്പയിന്റെ ഭാഗമായാണിത്. വിമാനത്താവളങ്ങളിൽ നിയമാനുസൃത ഗതാഗത സൗകര്യം യാത്രക്കാർക്ക് ഒരുക്കുക, അനധികൃത ടാക്സികളെ ഒഴിവാക്കുക, യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക എന്നിവയാണ് കാമ്പയിൻ ലക്ഷ്യമെന്ന് അതോറിറ്റി വിശദീകരിച്ചു.
വിമാനത്താവളങ്ങളിൽ ടാക്സി പെർമിറ്റില്ലാതെ യാത്രക്കാരെ കയറ്റുന്ന വാഹനങ്ങൾക്ക് 5000 റിയാൽ പിഴ ചുമത്തുമെന്ന് അതോറിറ്റി ആവർത്തിച്ച് വ്യക്തമാക്കി. വാഹനം കണ്ടുകെട്ടുകയും ചെയ്യും.
