അബൂദബി: എമിറേറ്റിലെ ടൂറിസം മേഖലയില്‍ ആറുവര്‍ഷംകൊണ്ട് പ്രത്യക്ഷവും പരോക്ഷവുമായി 1,78,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ അബൂദബി ടൂറിസം സ്ട്രാറ്റജി 2030. അബൂദബി കിരീടാവകാശിയും അബൂദബി എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനാണ് ‘അബൂദബി ടൂറിസം നയം 2030’ പ്രഖ്യാപിച്ചത്.
അതിവേഗം വളരുന്ന അന്താരാഷ്ട്ര സന്ദര്‍ശകരുടെ ആഗോള കേന്ദ്രമായി അബൂദബിയെ മാറ്റുകയെന്ന ലക്ഷ്യത്തിന്‍റെ ഭാഗമായി പ്രതിവര്‍ഷ സന്ദര്‍ശകരുടെ എണ്ണം 39.3 കോടി ഉയര്‍ത്തുക, 178,0000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, 2030ഓടെ എണ്ണയിതര വരുമാന മേഖലയുടെ മൊത്ത ആഭ്യന്തര ഉൽപാദനത്തിലേക്ക് 9000 കോടി ദിര്‍ഹമിന്‍റെ സംഭാവന നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് സ്ട്രാറ്റജിക്ക് പിന്നിലുള്ളത്.
2023ല്‍ 2.4 കോടി ലക്ഷം സന്ദര്‍ശകരാണ് അബൂദബിയിലെത്തിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനത്തിന്‍റെ വര്‍ധനയാണ് സന്ദര്‍ശകരുടെ എണ്ണത്തിലുണ്ടായത്. 2023ല്‍ അബൂദബിയുടെ ജി.ഡി.പിയിലേക്ക് 4900 കോടി ദിര്‍ഹം ടൂറിസം മേഖല നല്‍കുകയും ചെയ്തു. 2022നെ അപേക്ഷിച്ച് 22 ശതമാനത്തിലേറെ വര്‍ധനയാണ് ഇക്കാര്യത്തിലുണ്ടായത്.
സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതുതായി തുറന്നുകൊടുത്ത ടെര്‍മിനലില്‍ പ്രതിവര്‍ഷം 4.50 കോടി യാത്രക്കാരെ സ്വീകരിക്കാനാവും. ഒരേസമയം 79 വിമാനങ്ങള്‍ക്ക് ടെര്‍മിനലില്‍ സൗകര്യമുണ്ട്. ഇതിലൂടെ കൂടുതല്‍ സന്ദര്‍ശകരെ സ്വീകരിക്കാന്‍ അബൂദബിക്കു കഴിയും.