ദുബൈ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് സ്കൂൾ, കോളജ്, സർവകലാശാലകൾ ഉൾപ്പെടെ ദുബൈയിലെ മുഴുവൻ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വൈജ്ഞാനിക, മാനവ വികസന അതോറിറ്റി (കെ.എച്ച്.ഡി.എ) ഏഴു ദിവസം അവധി പ്രഖ്യാപിച്ചു. ഏപ്രിൽ എട്ട് മുതൽ 14 വരെയാണ് അവധി. ശനി, ഞായർ വാരാന്ത്യ അവധി ആയതിനാൽ വിദ്യാർഥികൾക്ക് ഫലത്തിൽ 10 ദിവസത്തെ അവധി ലഭിക്കും. ഏപ്രിൽ 15 തിങ്കളാഴ്ചയായിരിക്കും ക്ലാസുകൾ ആരംഭിക്കുക. റമദാൻ മാസപ്പിറ സന്ദർശനത്തിന് അനുസരിച്ച് റമദാൻ 29 അല്ലെങ്കിൽ 30 ദിവസം വരെ നീണ്ടുനിൽക്കും.
ശവ്വാൽ ഒന്നിനാണ് ഈദുൽ ഫിത്ർ. ഇന്ത്യൻ അക്കാദമിക കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന ഇന്ത്യൻ സ്കൂളുകൾ ഏപ്രിൽ ഒന്ന് പുതിയ അധ്യയന വർഷം ആരംഭിച്ചിരുന്നു. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും യു.എ.ഇ ഗവൺമെന്‍റ് കഴിഞ്ഞ ദിവസങ്ങളിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചിരുന്നു.